മീശപ്പുലിമലയിലെ പേടിമാറ്റാം
അടിമാലി വഴി മൂന്നാറിലേക്ക് നമ്മള്‍ പോകുമ്പോള്‍ ആദ്യം വരുന്നത് ഓള്‍ഡ് മൂന്നാര്‍ എന്ന സ്ഥലമാണ്.
അവിടെയാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഉള്ളത്.
അവിടെനിന്നു വീണ്ടും മുന്നോട്ട് പോകുമ്പോള്‍ മൂന്നാര്‍ ടൗണ്‍ എത്തും.അവിടെ ഉള്ള പാലം കയറി വലതുവശത്തേക്ക് തിരിയുമ്പോള്‍ ജീപ്പിന്റെ ടാക്‌സി സ്റ്റാന്‍ഡ് കാണും.
അതിന് എതിര്‍വശത്തായി മൂന്നാര്‍ പോസ്റ്റ് ഓഫീസും കാണാം.
അവിടെനിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയാണ് KFDC ഓഫീസ് ഉള്ളത്.
നമുക്ക് റൈഡിന് പോകാന്‍ വേണ്ടി കാറ് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്.
മുന്‍വശത്തെ പ്രധാന എന്‍ട്രന്‍സില്‍ റോസ് ഗാര്‍ഡന്‍ കാണാന്‍ ടിക്കറ്റ് എടുത്ത് വരുന്നവര്‍ക്ക് വേണ്ടി ഉള്ള പ്രവേശനം ആണ്.
നമ്മള്‍ ഈ വഴിയിലൂടെ അകത്ത് പ്രവേശിക്കുമ്പോള്‍ റോസ് ഗാര്‍ഡനും കാണാം മീശപ്പുലി മലയിലേക്കുള്ള പാസും വാങ്ങാം എന്നതാണ് ഒരു അഡീഷണല്‍ ഗുണം.
ഏകദേശം 30 കിലോമീറ്റര്‍ ഉണ്ടാകും ബേസ് ക്യാമ്പിലേക്ക്.
25 കിലോമീറ്റര്‍ പോയിക്കഴിഞ്ഞാല്‍ സൈലന്റ് വാലി എന്ന ഒരു വ്യൂ പോയിന്റില്‍ ജീപ്പ് എത്തും.അവിടെ അരമണിക്കൂറോളം സമയം സ്‌പെന്‍ഡ് ചെയ്യാന്‍ ഉണ്ടാകും.
ഫോട്ടോസ് എടുക്കാം.
വേണമെങ്കില്‍ ചായയും കുടിക്കാം. ആ തണുപ്പില്‍ ഒരു ചൂട് ചായ കുടിച്ചാല്‍ നല്ല ഉഷാര്‍ ആണ്. പിന്നെ അരമണിക്കൂര്‍ കൂടി യാത്ര ചെയ്ത് വേണം ബേസ് ക്യാമ്പില്‍ എത്താന്‍.
വാഹനം നമ്മള്‍ വാടകയ്ക്ക് വിളിക്കുന്നതായാലും ഫോറസ്റ്റ് കാര്‍ അറേഞ്ച് ചെയ്തു തരുന്നതായാലും മൊത്തത്തില്‍ നാല് പ്രാവശ്യം ജീപ്പ് സഫാരി നമുക്ക് ഘട്ടം ഘട്ടമായി യാത്ര ചെയ്യാന്‍ ഉണ്ടാകും.

- പാസ് എടുത്ത് ശേഷം ബേസ് ക്യാമ്പിലേക്കുള്ള യാത്ര.
2.പിറ്റേന്ന് രാവിലെ ക്യാമ്പില്‍ നിന്നും മീശപ്പുലിമല സണ്‍ റൈസ് വ്യൂ പോയലേക്കുള്ള യാത്ര.
3.വ്യൂ പോയിന്റില്‍ നിന്നും ക്യാമ്പിലേക്കുള്ള യാത്ര
4.ക്യാമ്പില്‍ നിന്നും ലഗേജ് എടുത്ത് മൂന്നാറിലേക്കുള്ള മടക്കയാത്ര.
യാത്രകള്‍ രണ്ട് ദിവസത്തില്‍ ആണ് വരുന്നത്.
മൂന്നാറില്‍ ഇപ്പോള്‍ നല്ല തണുപ്പ് ഉണ്ടാകും. അതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും ബേസ് ക്യാമ്പിലെ തണുപ്പ്.രാത്രി ഉറങ്ങുന്നതിന് സ്ലീപ്പിങ് ബാഗ് അവിടെനിന്നും തരും.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ബാത്‌റൂം സൗകര്യം അവിടെ ഉണ്ട്.മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ത്രീപിന്‍ സോക്കറ്റ് അവിടെ ഉണ്ടാകും.
എന്നാലും ജിയോയ്ക്ക് ഒഴികെ മറ്റൊരു നെറ്റ് വര്‍ക്കിനും അവിടെ റേഞ്ച് ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ക്യാമ്പ് വിട്ടാല്‍ പിന്നെ ട്രക്കിംഗ് കഴിഞ്ഞ് തിരികെ എത്തുന്നതുവരെ റീചാര്‍ജ് ചെയ്യാന്‍ മാര്‍ഗ്ഗം ഒന്നുമില്ല എന്നതിനാല്‍ തലേദിവസം രാത്രി തന്നെ ഫോണ്‍ ഫുള്‍ ചാര്‍ജ് ആക്കിയശേഷം സ്വിച്ച് ഓഫ് ചെയ്തു കിടന്നുറങ്ങുക.
പുലര്‍ച്ചെ 5മണിക്ക് എഴുന്നേറ്റ് ഫ്രഷ് ആവുക.അവധി ദിവസം ആണെങ്കില്‍ ബേസ് ക്യാമ്പില്‍ അംഗങ്ങള്‍ കൂടുതല്‍ ഉണ്ടാകും ബാത്ത്‌റൂമില്‍ ക്യൂ നില്‍ക്കേണ്ടിയും വരും.
റൈഡിന് പോകുമ്പോള്‍ തണുപ്പിന് ഉപയോഗിക്കാന്‍ പറ്റിയ സാധനങ്ങള്‍ നമ്മള്‍ കയ്യില്‍ എടുക്കുന്നത് നന്നാവും.
രാവിലെ ബ്രഡും ജാമും കട്ടന്‍ ചായയും കുടിച്ചാണ് റൈഡിന് പോകുന്നത്. രാവിലെ ആറുമണിക്ക് പോയാല്‍ 11:30 ആകുമ്പോഴേ തിരിച്ചു ക്യാമ്പില്‍ എത്തു.
അതിനിടയില്‍ ഭക്ഷണമൊന്നും കഴിക്കാന്‍ കിട്ടില്ല എന്നത് ഒന്നാമത്തെ കാര്യം.
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉടനെ മല കയറാന്‍ കഴിയില്ല എന്നത് രണ്ടാമത്തെ കാര്യം.
ഉച്ച ഭക്ഷണം, റൈഡ് കഴിഞ്ഞ് വന്നതിനുശേഷം ആണ് കഴിക്കാന്‍ തരുന്നത്.
അതുകൊണ്ട് കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ്/ ബിസ്‌ക്കറ്റ്/ ചോക്ലേറ്റ് /
ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുക. വെള്ളം പോകുന്ന വഴിക്കും കുടിവെള്ളം നിറയ്ക്കാന്‍ സാധിക്കും.
വലിയ ലഗേജ് ഒന്നും എടുക്കരുത് നടക്കാന്‍ തന്നെ പ്രയാസം ആയിരിക്കും അതിനിടയില്‍ ലഗേജ് എടുക്കുന്നത് മണ്ടത്തരം ആണ് അനാവശ്യമാണ്.
ഫാമിലി ആയിട്ടാണ് പോകുന്നത് എങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ കൂടെയുള്ള സ്ത്രീകളെയും കുട്ടികളെയും നാലുമണിക്കൂര്‍ മല കയറാന്‍ മാനസികമായി തയ്യാറാക്കണം.കെട്ട് വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും ഉള്ളവര്‍ ഈ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
ആദ്യത്തെ കുന്ന് കയറുമ്പോള്‍ ചെറിയ ക്ഷീണം തോന്നും.അത് സ്വാഭാവികമാണ്.മീശപ്പുലിമല കയറാന്‍ പോവുകയാണല്ലോ എന്ന ആവേശത്തില്‍ ഓടി കയറാന്‍ നില്‍ക്കരുത്.വിശ്രമിച്ച് സാവധാനം കയറിയാല്‍ മതി.
മലകളും കുന്നുകളും ആയി ഏഴ് എണ്ണം കയറാന്‍ ഉണ്ട്.ആദ്യത്തെ കുന്നിനു മുകളില്‍ നിന്നാണ് സൂര്യോദയം കാണുന്നത്. ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് മീശപ്പുലി മലയ്ക്ക് മുകളിലൂടെ സൂര്യന്‍ ഉദിച്ചുവരുന്നത് ഒരു മനോഹരമായ കാഴ്ച തന്നെ ആണെങ്കിലും അതിനേക്കാള്‍ മനോഹരമായ കാഴ്ചയാണ് സൂര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ നമ്മള്‍ കാണുന്നത്.
അടുത്തതായി നമ്മള്‍ ചെയ്യാന്‍ പോകുന്നത് ഇപ്പോള്‍ കയറിയ കുന്ന് മറുവശത്തേക്ക് ഇറങ്ങുക എന്നതാണ്.
മഞ്ഞുകാലത്ത് മീശപ്പുലിമല കയറിക്കൊണ്ടിരിക്കുമ്പോള്‍ കനത്ത കോടമഞ്ഞും അതിശക്തമായ തണുത്ത കാറ്റും ഉണ്ടാകും.കയ്യിലുള്ള കനം കുറഞ്ഞ വസ്തുക്കള്‍ തൊപ്പി ഇവ പറന്നു പോകാതെ ശ്രദ്ധിക്കണം. നല്ല തണുപ്പില്‍ ഉപയോഗിക്കുന്ന സ്വെറ്റര്‍ / ജാക്കറ്റ്/മഫ്‌ളര്‍ / കോട്ടന്‍ സോക്‌സ് /
ട്രക്കിംഗ് ഷൂ or സ്‌പോര്‍ട്‌സ് ഷൂ ഇവയൊക്കെ ട്രക്കിങ്ങിന് ആവശ്യം വരും.
മസില്‍ വേദനയ്ക്കുള്ള ഒമിനിജെല്‍
മൊബൈലിന്റെ ചാര്‍ജര്‍,
പേസ്റ്റ് ,
ബ്രഷ്
തോര്‍ത്തുമുണ്ട് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍
ഡ്രൈ ഫ്രൂട്ട്‌സ്,
ഷുഗര്‍ ലെവല്‍ കുറയാതിരിക്കാനും ഇന്‍സ്റ്റന്റ് എനര്‍ജി ലഭിക്കാനും ചോക്ലേറ്റ് അല്ലെങ്കില്‍ കപ്പലണ്ടി മിട്ടായി പോലെ എന്തെങ്കിലും മൂന്നാറിലേക്ക് പുറപ്പെടും മുമ്പേ കയ്യില്‍ കരുതുക.
നാട്ടില്‍ നിന്ന് മൂന്നാര്‍ വരെ എത്തിയ സ്ഥിതിക്ക് ട്രക്കിംഗ് കഴിഞ്ഞു അവിടെ കാണാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കൂടി കവര്‍ ചെയ്തിട്ട് മടങ്ങുന്നതാവും ഉചിതം.
ബേസ് ക്യാമ്പില്‍ നിന്ന് തിരിച്ചു വരുന്ന വഴി ടോപ് സ്റ്റേഷനിലേക്ക് ഒരു ഷോട്ട് കട്ട് ഉണ്ട്.നമ്മള്‍ വന്ന ജീപ്പുകാരന് എന്തെങ്കിലും ഒരു തുക അധികം കൊടുത്താല്‍ അവിടെ പോയി കറങ്ങി കണ്ട ശേഷം തിരികെ മൂന്നാര്‍ ടൗണില്‍ എത്താം.
മൂന്നാര്‍ ടൗണിന് വളരെ അടുത്ത് തന്നെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉള്ളത്.സമയമുണ്ടെങ്കില്‍ അത് കാണാന്‍ കയറാം.
ശനി ഞായര്‍ ദിവസങ്ങളിലും നാഷണല്‍ ഹോളിഡേകളിലും രാജമല കാണാന്‍ പോകരുത്. ക്യു നിന്ന് വെറുക്കും.ഒരു ദിവസം വേസ്റ്റ് ആവുകയും ചെയ്യും.
ഒരു ദിവസം കൂടി രാത്രി അവിടെ സ്റ്റേ ചെയ്യാന്‍ ഉദ്ദേശമുണ്ടെങ്കില്‍ മറയൂര്‍ വഴി കാന്തല്ലൂര്‍ പോകാം.
പോകുന്ന വഴിക്ക് ഇരച്ചില്‍ പാറ വെള്ളച്ചാട്ടം തൊട്ടടുത്ത് കാണാം.
മറയൂരില്‍ നല്ല ശര്‍ക്കര വാങ്ങാന്‍ കിട്ടും.അതുപോലെതന്നെ മറയൂരില്‍ മുനിയറ എന്ന ഒരു സ്ഥലം ഉണ്ട്.അവിടെ അതിമനോഹരമായ കാഴ്ച ആണ്.
കുന്നിന്റെ മുകളിലേക്ക് കാര്‍ പോകും.ആരെങ്കിലും കാര്‍ പോകില്ല എന്ന് പറഞ്ഞാല്‍ അത് മൈന്‍ഡ് ചെയ്യേണ്ട.നാട്ടുകാരോട് ചോദിച്ചാല്‍ അവര്‍ മുനിയറയിലേക്കുള്ള വഴി കാണിച്ചു തരും.
ഞാന്‍ ഇക്കഴിഞ്ഞ ഓണത്തിന് അവിടെ പോയി വന്നതേയുള്ളൂ.രാവിലെയോ വൈകിട്ടോ ആണ് അവിടെ പോകുന്നത് നല്ലത്.ഉച്ചയ്ക്ക് നല്ല വെയില്‍ ആയിരിക്കും.
ജീപ്പ് വിളിച്ച് മുനിയറ കാണാന്‍ പോകുന്നവര്‍ ഭക്ഷണം കഴിച്ച് ഉടനെ കയറരുത് – കഴിച്ചത് മുഴുവന്‍ ശര്‍ദിക്കാന്‍ സാധ്യത ഉണ്ട്.
മൂന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകള്‍ ഉള്ളത് വട്ടവട റൂട്ടില്‍ ആണ്.
എല്ലാ ടൂറിസ്റ്റ് സ്‌പോട്ടുകളും റോഡിന്റെ തൊട്ടരികില്‍ തന്നെ ആയതിനാല്‍ ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ല.
ഒരു ദിവസം പകല്‍ മൊത്തം കാഴ്ചകള്‍ കണ്ടു പോയാല്‍ സന്ധ്യ ആകുമ്പോള്‍ വട്ടവടയില്‍ എത്താം.
അര ദിവസത്തെ പ്രോഗ്രാമേ ഉള്ളൂ എങ്കില്‍ ആണെങ്കില്‍ ആ റൂട്ട് പോകരുത്.
സത്യത്തില്‍ മൂന്നാര്‍ വട്ടവട , കാന്തല്ലൂര്‍,
ദേവികുളം, കൊളുക്കുമല – ചതുരംഗപ്പാറ തുടങ്ങി അവിടെ സമീപപ്രദേശങ്ങളില്‍ ഉള്ള
മൊത്തം കാഴ്ചകള്‍ കണ്ടു വരാന്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ എടുക്കും.
മറ്റൊരു പ്രധാന കാര്യം സ്വന്തം വാഹനത്തില്‍ പോകുന്നവര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ നിന്നും പെട്രോള്‍ അടിക്കുക. മായമില്ലാത്ത നല്ല പെട്രോള്‍ കിട്ടും.അവിടെ അളവ് കുറവാണ് എന്ന് ചില ശത്രുക്കള്‍ പരദൂഷണം പറയുന്നുണ്ട്. സത്യം എന്താണെന്ന് എനിക്കറിയില്ല.
മൂന്നാര്‍ ടൗണില്‍ റിപ്പ്‌ളിന്റെ ഫസ്റ്റ് ക്വാളിറ്റി തേയില അഞ്ചുമണി വരെ ഫാക്ടറി ഡയറക്ട് സെയില്‍ ഉണ്ടാകും.
അത് വാങ്ങാന്‍ മറക്കണ്ട.
നമ്മുടെ നാട്ടില്‍ കിട്ടാത്ത വ്യത്യസ്തമായ ഫ്‌ലേവറുകളില്‍ ഉള്ള തേയിലയാണ്.
(100 ഗ്രാമിന്റെ പാക്കറ്റും ലഭ്യമാണ്.)
ഡിസംബര്‍ to ഫെബ്രുവരി മാസത്തിലാണ് മീശപ്പുലിമല പോകാന്‍ ഏറ്റവും നല്ലത്.
ഒരാള്‍ ഒറ്റയ്ക്ക് മീശപ്പുലിമലയില്‍ പോകുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഗ്രൂപ്പായി പോകുന്നതാണ്. പരിചയമുള്ള ഒരാളെ എങ്കിലും കൂടെ കൂട്ടുന്നതാണ് നല്ലത്.
കാരണം അവിടെ ടെന്റ് സ്റ്റേ, മിനിമം രണ്ടുപേര്‍ക്ക് വീതം ഉള്ളതാണ്.അതിനു സാധിക്കുകയില്ല എങ്കില്‍ നിരവധി സംഘടനകളും ഗ്രൂപ്പുകളും അവിടെ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.അവരുമായി കോണ്‍ടാക്ട് ചെയ്താല്‍ കുറഞ്ഞ ചിലവില്‍ മീശപ്പുലിമല ട്രക്കിംഗ് നടത്താനാകും.
സോഷ്യല്‍ ഫോറസ്ട്രി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് എന്ന പേരിലുള്ള ഒരു പ്രകൃതിസ്‌നേഹികളുടെ കൂട്ടായ്മ ഉണ്ട്.അവരുടെ മൊബൈല്‍ & വാട്‌സാപ്പ് നമ്പര്‍ 9744022038 ആണ്.അവര്‍ മാസം തോറും മീശപ്പുലിമല യാത്ര സംഘടിപ്പിക്കുന്നുണ്ട്.
മീശപ്പുലിമല ബേസ് ക്യാമ്പിലേക്ക് 25 കിലോമീറ്റര്‍ ദൂരം off റോഡ് ഉണ്ട്.
ആ വണ്ടി വാടക, ഫുഡ് , സ്റ്റെ, ഗൈഡ് ഫീസ്, റിട്ടേണ്‍ വാടക ഇവ എല്ലാം ചേര്‍ത്ത് ക്യാമ്പ് ഫീസ് 3,500 രൂപ ആണ്.
One Comment