വിഷുവും മലയാള സിനിമ ഗാനങ്ങളും

സംസ്കൃതത്തിലെ വിഷുവം എന്ന പദത്തിൽ നിന്നാണ് വിഷു എന്ന പദത്തിൻ്റെ തുടക്കം എന്ന് പറയപ്പെടുന്നു.
വിഷു എന്നാൽ തുല്യം എന്നാണ് അർത്ഥമാക്കുന്നത്. സൗര കലണ്ടറിലെ ആദ്യ മാസമായ മേടം മാസത്തിലെ ഒന്നാം ദിവസമാണ് വിഷു.(ഏപ്രിൽ14).
രാവും, പകലും തുല്യമായ ദിവസം.
വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലത്തെ സ്വാധീനിക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.
ഏവർക്കും ഐശ്വര്യത്തിൻ്റെയും, പ്രതീക്ഷയുടെയും, സമാധാനത്തിൻ്റെയും ദിനങ്ങളാകട്ടെയെന്ന് വിഷുദിനാശംസകൾ നേരുന്നു…
മലയാള സിനിമ ഗാന ശാഖയിലെ വിഷുപ്പാട്ടുകളെക്കുറിച്
സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞ ലേഖനത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയിൽ,
‘വാകച്ചാർത്ത് കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം’
എന്ന് പി ഭാസ്കരൻ എഴുതുന്നു. വെറുതേ കാണണമെന്നാണ് പ്രാർത്ഥനയെങ്കിലും ‘കണികാണണം’ എന്ന വാക്കുവന്നതുകൊണ്ട് അതു വിഷുവെന്ന ആചാരവുമായി ബന്ധപ്പെട്ടതുമായി.
ഗുരുവായൂരിൽ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് കണികാണണം എന്ന് വയലാർ എഴുതിയത് അടിമകൾ എന്ന സിനിമയിലാണ്.
‘ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം’
എന്ന അർത്ഥനയാണ് ആ പ്രസിദ്ധ ഗാനത്തിന്റെ ഉള്ള്.
മയിപ്പീലി ചൂടിക്കൊണ്ട്, മഞ്ഞത്തുകിൽ ചുറ്റിക്കൊണ്ട്, മണിക്കുഴലൂതിക്കൊണ്ടു നിൽക്കുന്ന കൃഷ്ണവിഗ്രഹമാണ് കണികാണേണ്ടത്.
ഭക്തിയിൽ കുറച്ച് ശൃംഗാരംകൂടിവേണമെന്നുള്ളതുകൊണ്ട്, ‘ഗോപികമാർ കൊതിക്കുന്ന ഉടലുതന്നെ’ കാണണമെന്നുണ്ട് വയലാറിന്.
‘സമ്മാനം എന്ന സിനിമയിലെ ‘എന്റെ കയ്യിൽ പൂത്തിരി’ എന്ന പാട്ടിൽ ഭക്തിയില്ല. ആഘോഷമാണ്.
‘എന്നും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി.
ആ പുലരിക്കു പൊൻപണം കൈനീട്ടം,
പുഞ്ചിരിക്കു പുഞ്ചിരി കൈനീട്ടം’
‘നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയിലെ ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ’ എന്ന പാട്ടിന്റെ അവസാനം ഇങ്ങനെയാണ് :
വിഷു സംക്രാന്തി വിളക്കുകൾ കൊളുത്താൻ
ഉഷസ്സെഴുന്നേൽക്കും നേരം – പുത്തൻ
ഉഷസ്സെഴുന്നേൽക്കും നേരം
വരുകില്ലേ കോർത്തു തരുകില്ലേ.
പുതിയ രാഗമാല്യം.. എന്നിങ്ങനെ അതിന്റെ അവസാനമായപ്പോൾ വിഷു പോയി, പ്രണയമായി.
‘വിഷുക്കിളീ വിളിച്ചതെന്തിനെന്നെ’ എന്ന ഓ എൻ വി കുറുപ്പിന്റെ ഒരു പാട്ട് ‘ഒളിയമ്പുകൾ’ എന്ന സിനിമയിൽ ഉണ്ട്. എം എസ് വിശ്വനാഥനാണ് സംഗീതം. സുശീലയും എം ജി ശ്രീകുമാറും ചേർന്നു പാടിയ പാട്ടിൽ വിഷുവിന്റെ ഒരു ഭാവവുമില്ല.. പാശ്ചാത്യസ്വഭാവമുള്ള ഉപകരണസംഗീതവും മറ്റുമാണ്. എം എസിനു സംഭവമെന്താണെന്ന് മനസിലാകാത്തതുകൊണ്ടാണെന്ന് ന്യായമായും സംശയിക്കാം.
‘നന്ദന‘ത്തിലെ ‘മൗലിയിൽ മയിൽപ്പീലി ചാർത്തി, ഗോപകുമാരനെ കണികാണണം’, ഇലഞ്ഞിപ്പൂക്കളീലെ ‘വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു’ ദേവാസുരത്തിലെ ‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്’, ആറാം തമ്പുരാനിലെ ‘പാടി തൊടിയിലേതോ‘ എന്ന പാട്ടിലെ
‘തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
വെള്ളോട്ടിൻ ഉരുളിയൊരുക്കേണം – എന്ന വരികളെല്ലാം ഉത്സവം എന്ന നിലയിൽ വിഷുവിനെ ആവാഹിക്കുന്നവയാണ്. നന്ദനത്തിലെ കഥ വച്ചാലോചിച്ചാൽ ബാലാമണിയുടെ ‘കണികാണണം‘ ആഗ്രഹത്തിൽ വെറും ഭക്തിമാത്രമല്ല ഉള്ളതെന്നും ഉൾക്കാതറിയാം !.
എന്നാലും കൂട്ടുകുടുംബത്തിലെ ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്ന പാട്ടിൽ തിങ്കളാഴ്ച നൊയമ്പ്, വിദ്യാരംഭം, തുമ്പി തുള്ളൽ എന്നിവയ്ക്കൊപ്പം വിഷുവും ഉണ്ട്.
കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ
കണികണ്ടു കണ്ണുതുറന്നപ്പോൾ
വിളക്കു കെടുത്തി നീ ആദ്യമായ് നൽകിയ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ – പ്രേമത്തിൻ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
പ്രേമംകൂടി ചേരുമ്പോഴേ ആഘോഷങ്ങൾ ആഘോഷങ്ങളാകൂ എന്നുള്ളതുകൊണ്ട്. ഇതിന്റെത്ര വരില്ല, മറ്റു വിഷുഗാനവരികൾ ! അതും വയലരിൻ്റെ വരികളാണ്
(Credits- ആർ.പി.ശിവകുമാർ )