KeralaNews

സിനിമാ നയം രണ്ടുമാസത്തിനകം കൊണ്ടുവരും; സജി ചെറിയാൻ

സിനിമാ നയം രണ്ടുമാസത്തിനകം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ. ലിംഗസമത്വമെന്നത് എല്ലാവരും അംഗീകരിച്ചെന്നും ചർച്ചകളിൽ നിന്ന് ഉയർന്നുവന്ന കാര്യങ്ങളിൽ അംഗീകരിക്കാവുന്നതെല്ലാം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ ഭൂരിഭാഗവും നല്ലതാണെന്നും മന്ത്രി പറഞ്ഞു.

ക്ഷണിക്കപ്പെട്ട എല്ലാവരും ചർച്ചയിൽ പങ്കെടുത്തു. സ്ത്രീ സുരക്ഷയാണ് പ്രധാനം. ആഭ്യന്തര പരാതി സെല്ലിൽ സ്ത്രീയും പുരുഷനും വേണമെന്നതും ചർച്ചയായി. സമയക്രമം പുനഃക്രമീകരിക്കണമെന്നും ജോലിയുടെ ഗ്യാരന്റി ഉറപ്പുവരുത്തുന്നതും ചർച്ചയായി. സിനിമക്കായി ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും ചിലർക്ക് മാത്രമാണ് ലഭിക്കുന്നത്. ചിലർക്ക് നല്ല വേതനം ലഭിക്കുന്നു എന്നാൽ ചിലർക്ക് അങ്ങനെയല്ല തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉയർന്നു. സിനിമാ കരാറുകൾ ലംഘിക്കാതിരിക്കാനും നടപടികൾ വേണമെന്ന ആവശ്യവും ഉയർന്നതായി മന്ത്രി വ്യക്തമാക്കി.

സ്വതന്ത്ര സിനിമകൾക്ക് സർക്കാർ തിയേറ്ററുകളിൽ ഒരു ഷോ എങ്കിലും ഉറപ്പാക്കണം. സിനിമയുമായി ബന്ധപ്പെട്ട് ചെറിയ നിയമലംഘനം ഉണ്ടായാലും കർശന നടപടി വേണം. മിനിമം വേതനം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിലുണ്ടായി. സീരിയൽ മേഖലയിലും നയം വേണമെന്ന അഭിപ്രായമുയർന്നതായും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button