ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് മമ്മൂട്ടി
ദില്ലി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന് മമ്മൂട്ടി. ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിനാണ് മമ്മൂട്ടി ദില്ലിയില്‍ എത്തിയത്. ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് ഉറ്റുനോക്കുന്നത്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്. നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകൾ ഒന്നും വരാത്തത് കൊണ്ടുതന്നെ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
രണ്‍ജി പണിക്കര്‍, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ രചനയും. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനായ മനുഷ് നന്ദന് ആണ് ക്യാമറ ചലിപ്പിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ഗൗതം മേനോന് സംവിധാനം ചെയ്ത ചിത്രമാണ് അവസാനമായി മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തിയ ചിത്രം. ഡിറ്റക്റ്റീവ്ത്രില്ലര് ആയൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവയാണ് എത്തിയത്.
ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം മേനോനും ബസൂക്കയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ സംരംഭത്തിന്റെ പേര് അടുത്തിടെ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പേര് ‘കളങ്കാവല്‍’ എന്നാണ്.