
സര്‍ക്കാര്‍ ആശുപത്രികള്‍ കുടിശിക നല്കാത്തതിനാല് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍. ഇതോടെ നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ ഇന്നലെ നിര്‍ത്തിയത്.
പതിനെട്ടുമാസത്തെ കുടിശികയായി 158.58 കോടിയാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 41.34 കോടിയും കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കുടിശികയാണ്. മെഡിക്കല്‍ കോളജുകള്‍ അടക്കം 21 ആശുപത്രികള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നേരിട്ടാണ് വിതരണക്കാര്‍ നല്‍കുന്നത്. ആശുപത്രികള്‍ വഴിയാണ് വിതരണക്കാര്‍ക്ക് പണം നല്‍കേണ്ടതും.
കുടിശിക കാര്യത്തില്‍ പലതവണ സര്‍ക്കാരുമായി ചര്‍ച്ചനടത്തിയെങ്കിലും ഫലമില്ലാതായതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപ കുടിശ്ശികയുണ്ടെന്ന് വിതരണക്കാരുടെ സംഘടന പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കുടിശികയുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. മാര്‍ച്ച് മാസം വരെയുള്ള കുടിശിക ആഗസ്റ്റ് 31 നുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ സംസ്ഥാനത്തൊട്ടാകെ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കാനാണ് വിതരണക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.



