
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നേരിട്ട് പരാതി നൽകിയ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും വെളിപ്പെടുത്തൽ നടത്തിയ ഇരകളിൽ നിന്ന് വിവരങ്ങൾ തേടുക. ഇതുവരെ പത്തിലധികം പരാതികളാണ് എംഎൽഎയ്ക്കെതിരെ ലഭിച്ചത്.
എന്നാൽ, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ മാത്രമാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുൻപിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണവുമായി മുന്നോട്ടു പോകാനാവില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തെങ്കിലും കോൺഗ്രസിൽ നിന്ന് പിന്തുണ കൂടുകയാണ്. മുകേഷിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിൽ രാഹുലിനും പങ്കെടുക്കാമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട വനിത നേതാക്കളെ തള്ളി എം എം ഹസ്സനും രംഗത്തെത്തിയിരുന്നു.