
എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്.
ഈ കുടുംബവുമായി പരിചയമുളള യുവാവാണ് ഇയാള്. ഈ പരിചയം മുതലെടുത്താണ് ഇവരുടെ വീട്ടിൽ വെച്ചും സ്വന്തം വീട്ടിൽ വെച്ചും കുഞ്ഞിനെ, കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് പരാതി.
യുവാവ് ഒളിവിലാണ്. കുഞ്ഞിനെ മെഡിക്കൽ പരിശോധനക്കായി കളമശ്ശേരി ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ബലാത്സംഗ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. യുവാവിനായുള്ള അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.



