
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ വരുന്നത്. ‘മമ്മൂട്ടിയുടേത് ഭീഷണിയുടെ സ്വരം തന്നെ; പ്രതികരിക്കുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്ന സൂപ്പര്‍ താരങ്ങള്‍’; തുറന്നടിച്ച് സാന്ദ്ര തോമസ്
പകുതിയിലേറെ വോട്ടുകൾ ഇരുവരും നേടിയെന്നാണ് പുറത്തുവരുന്ന വിവരം. ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്ക്കെതിരെ മത്സരിച്ചത്. നടൻ രവീന്ദ്രനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്.
അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിവാദങ്ങളും നിലനിന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി നടിമാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖർ വോട്ട് ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.