അച്ഛനെ വെല്ലും മകന്, സെയ്ഫ് അലിഖാന്റെ മകന് അരങ്ങേറ്റം
താരങ്ങളുടെ മക്കളുടെ മാത്രം ഇൻഡട്രിയായി മാറുകയാണ് ബോളിവുഡെന്ന വിമർശനം കഴിഞ്ഞ കുറേ വർഷങ്ങളായി പ്രേക്ഷകർക്കുണ്ട്. പ്രമുഖ താരങ്ങളുടെ മക്കൾ ഒന്നിന് പിറകെ ഒന്നായി സിനിമയിൽ അരങ്ങേറ്റം നടത്തുകയാണ്. ഈ നിരയിലേക്ക് വരുന്ന പുതിയ ആളാണ് ഇബ്രാഹിം അലി ഖാൻ. നടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും ഇളയ മകൻ. നദാനിയാൻ എന്ന സിനിമയിലൂടെയാണ് ഇബ്രാഹിം തുടക്കം കുറിക്കുന്നത്. ശ്രീദേവിയുടെ മകൾ ഖുശി കപൂറാണ് ചിത്രത്തിലെ നായിക.
ഇബ്രാഹിം അലി ഖാന് സിനിമയിൽ തിളങ്ങാനാകുമോ എന്ന ചോദ്യം പലർക്കുമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഇബ്രാഹിം അലി ഖാന്റെ ചേച്ചി സാറ അലി ഖാൻ സിനിമാ രംഗത്തക്ക് കടന്ന് വന്നത്.എന്നാൽ സാറയെ കാത്തിരുന്നത് ട്രോളുകളാണ്. സാറയുടെ അഭിനയം പോരെന്ന വിമർശനം ശക്തമാണ്. 2018 ൽ കേദർനാഥ് എന്ന സിനിമയിലൂടെയാണ് സാറ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സമ്മിശ്ര പ്രതികരമാണ് ചിത്രത്തിന് ലഭിച്ചത്.പിന്നീടിങ്ങോട്ട് തുടരെ സിനിമകൾ സാറ ചെയ്തു. എന്നാൽ ഒരു സിനിമയിലെ പ്രകടനം പോലും പ്രേക്ഷകർ സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇബ്രാഹിമിന്റെ കടന്ന് വരവ്.
ഇതിനോടകം സോഷ്യൽ മീഡിയയിലെ താരമായി ഇബ്രാഹിം അലി ഖാൻ മാറിയിട്ടുണ്ട്. ആദ്യ സിനിമ വരുന്നതിന് മുമ്പേ തന്നെ പരസ്യങ്ങളിൽ മുഖം കാണിച്ചു. 13 ലക്ഷത്തോളം പേർ ഇബ്രാഹിം അലി ഖാനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
പിതാവ് സെയ്ഫ് അലി ഖാനും അമ്മ അമൃത സിംഗിനും അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. സെയ്ഫിന്റെ അതേ മുഖച്ഛായയാണ് ഇബ്രാഹിമിന്. പിതാവിനെ പോലെ രസികനാണ് മകനുമെന്ന് പാപ്പരാസി വീഡിയോകൾ കാണുന്നവർ അഭിപ്രായപ്പെടാറുണ്ട്.