
സർവകലാശാലകളിൽ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്നും ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ ഉന്നതവിദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
വലിയ മാറ്റങ്ങൾ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. ഇന്ത്യയിൽ മികച്ച 100 കോളേജുകളിൽ 16 എണ്ണം കേരളത്തിൽ ആണ്. ഇതിനെ തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഗവർണർമാരെ ഉപയോഗിച്ചാണ് കേന്ദ്രം ഇത്തരം നീക്കം നടത്തുന്നത്. ഭരണഘടന പോലും മാനിക്കാത്ത നീക്കമാണ് വിസിമാർ സ്വീകരിക്കുന്നത്. അതാണ് കേരള സർവകലാശാല ഉൾപ്പെടെ ഉള്ള സർവകലാശാലകളിൽ കാണുന്നതെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി.
കീം വിഷയത്തിൽ കേരള സിലബസിൽ പഠിക്കുന്നവർക്ക് കൂടുതൽ പരിഗണന ലഭിക്കാനാണ് മാർക്ക് ഏകീകരണം നടത്തിയതെന്നും കേരള സിലബസിൽ ഉള്ളവർ പിന്തള്ളപ്പെടാതിരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. കോടതി വിധി കേരള സിലബസിലെ കുട്ടികൾക്ക് നിരാശ ഉണ്ടാക്കിയെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. മീഡിയവൺ മാനേജിങ് എഡിറ്റർക്ക് എതിരായ ഭീഷണി മുദ്രാവാക്യം എം.വി ഗോവിന്ദൻ തള്ളി. സിപിഎം കയ്യും കാലും വെട്ടില്ലെന്നും ഇത്തരം മുദ്രാവാക്യം വിളിക്കുന്നത് ശരിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു.