KeralaNews

ശബരിമല സ്വർണ മോഷണക്കേസ്: കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം, അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യത

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പവും സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ടര മണിക്കൂറാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തത്. പോറ്റിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നപ്പോൾ തന്നെ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഇന്നലെ ചോദ്യം ചെയ്തു കൊണ്ടുള്ള അന്വേഷണ സംഘത്തിൻ്റെ നീക്കം ഉണ്ടായത്. പോറ്റിയും കേസിലെ മറ്റൊരു പ്രതി ഗോ വർധനനും ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കണ്ടപ്പോഴുള്ള ഫോട്ടോയിലും അടൂർ പ്രകാശും ആൻറോ ആൻറണിയുമുണ്ട്.

കർണാടകയിലുള്ള ബന്ധത്തിലൂടെയാണ് സോണിയയെ കണ്ടെതെന്ന് പോറ്റി മൊഴി നൽകിയിരുന്നു. ഇതേ കുറിച്ച് വിശദമായി എസ്ഐടി അടൂർ പ്രകാശിനോട് ചോദിച്ചു. പോറ്റിയുമായുള്ള ബെം​ഗളൂരു കൂടിക്കാഴ്ച്ച, അന്നദാന ചടങ്ങിലും പോറ്റിയുടെ വീട്ടിലെ ചടങ്ങുകൾ എന്നിവയക്കെുറിച്ച് ചോദ്യങ്ങളുണ്ടായി. സംഭാവനകൾ വാങ്ങിയിട്ടുണ്ടോയെന്നും ആരാഞ്ഞു. എന്നാൽ എസ്ഐടി നീക്കത്തിൽ നിന്ന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ എന്ന ആരോപണം ഉന്നയിക്കുകയാണ് അടൂർ പ്രകാശ്. അതേസമയം, അടൂർ പ്രകാശിനെ ചോദ്യം ചെയ്ത ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. മുൻ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് ഉൾപ്പടെയുള്ള കാര്യങ്ങൾ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിലുണ്ടാകും. വി.എസ്.എസ്.സിയുടെ അന്തിമ ശാസ്ത്രീയ പരിശോധന ഫലമെത്തിയാൽ അന്തിമകുറ്റപത്രം തയ്യാറാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button