
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് വിധി പറയുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് എ.പത്മകുമാറിന്റെയും ബി.മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും സ്വര്‍ണം മോഷ്ടിക്കേണ്ട കാര്യമില്ലെന്നും നാഗ ഗോവര്‍ദ്ധന്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇന്നലെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. കേസന്വേഷണം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന കര്‍ശന നിലപാടിലാണ് പ്രോസിക്യൂഷന്‍. എന്നാല്‍, അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ഉണ്ണിക്കൃഷ്ണന്‍പോറ്റിയുടെ വാദം. ഇനിയും തുടരന്വേഷണം വേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണപ്പാളികള്‍ കടത്തുമ്പോള്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ശ്രീകുമാര്‍. ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വൈകീട്ട് ശ്രീകുമാറിനെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മടക്കിയയച്ചു.



