
തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്‍മെന്റ്. 4000 മുതൽ 6000 വരെയാണ് വർധന. സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി. തീരുമാനത്തിന് പിന്നാലെ അമല ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു.
ജൂബിലി മിഷൻ ആശുപത്രിയിലെ നേഴ്സുമാരുടെ സമരം തുടരും.ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് ഉടൻ നടക്കും. സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്.
എന്നാൽ ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് യുഎൻഎ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികൾ ഇടക്കാല ശമ്പളാശ്വാസം നൽകുന്നതിൽ പ്രശ്നമില്ലെന്നും, അമലയും ജൂബിലി മിഷനും മാത്രമാണ് അനുകൂല നിലപാട് സ്വീകരിക്കാത്തതെന്നും സംഘടന ആരോപിച്ചിരുന്നത്.



