
ഡാര്‍ക്ക് നെറ്റ് ലഹരി കടത്തിലൂടെ മുഖ്യപ്രതി എഡിസണ് സമ്പാദിച്ചത് കോടികള്‍. പത്തു കോടി രൂപയിലേറെയാണ് ലഹരിക്കച്ചവടത്തിലൂടെ എഡിസണ് സമ്പാദിച്ചത്. അന്വേഷണസംഘം കണ്ടെത്തിയ എഡിസന്റെ ലഹരി ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്ത്.
എഡിസന്റെ 10 ബാങ്ക് അക്കൗണ്ടുകള്‍ എന്‍സിബി പരിശോധിയ്ക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ എഡിസണ് നടത്തിയത് 6000 ലഹരി ഇടപാടുകളുകളെന്നും എന്‍സിബി കണ്ടെത്തി. മൂവാറ്റുപുഴയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സില്‍ ലഹരിപ്പണം വിനിയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എഡിസന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. നാളെ നാലു പ്രതികളെയും കസ്റ്റഡിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഡാര്‍ക്ക് നെറ്റ് ഉപയോഗിച്ചുള്ള ലഹരി കച്ചവടം നടത്തിയതിന് എന്‍ സി ബി അറസ്റ്റ് ചെയ്ത എഡിസനെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘം കണ്ടെത്തിയത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയിരുന്നതായും മാസംതോറും പതിനായിരത്തിലേറെ എല്‍ എസ് ഡി സ്റ്റാമ്പുകള്‍ വില്‍പ്പന നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിവഴിയില്‍ പുതിയ ഇടപാടുകാരെ കണ്ടെത്താന്‍ വില്‍പ്പന സമയത്ത് ഡിസ്കൗണ്ട് നല്‍കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. കേസില്‍ എഡിസണ് പുറമേ വാഗമണ്‍ സ്വദേശിയുടെയും വാഴപ്പിള്ളി സ്വദേശിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 35 ലക്ഷം രൂപയുടെ മയക്കുമരുന്ന് ആണ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത്. കെറ്റാ മേലോണ്‍ എന്ന ശൃംഖലയിലൂടെ നിരവധി പേര്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഭോപ്പാല്‍ ,ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇവരുടെ ശൃംഖല വ്യാപകമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എഡിസന്റെ വീട്ടില്‍നിന്ന് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ച 70 ലക്ഷം രൂപയുടെ എന്‍ സി ബി കണ്ടെത്തി.ലഹരി വില്പനയിലൂടെ ലഭിച്ച പണമാണ് ഇതെന്നാണ് സൂചന.