
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകിട്ട് നാലിനാണ് നാവികസേനയുടെ ശക്തിപ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും.
തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്.
പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തിന്റെ ഭാഗമാകും. 9,000 പേര്‍ക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. തീരമേഖലയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് അഭ്യാസ പ്രകടനം കാണാം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തീരുവനന്തപുരത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

