Cinema

വടിവേലുവിനോട് മര്യാദയില്ലാതെ പെരുമാറി പ്രഭുദേവ വായില്‍ വിരലിട്ടു, മുടി പിടിച്ച് കുലുക്കി! വീഡിയോ വൈറല്‍

തമിഴ് സിനിമയില്‍ കോമേഡിയനായി വിപ്ലവം സൃഷ്ടിച്ച താരമാണ് വടിവേലു. സാധാരണക്കാരനായി കൂലിപ്പണി ചെയ്തിരുന്ന വടിവേലു സിനിമയിലേക്ക് എത്തിയതിന് ശേഷം വളരെ പെട്ടെന്നാണ് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. അതുവരെ ഉണ്ടായിരുന്ന ഹാസ്യ താരങ്ങളെയൊക്കെ മറികടന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്.

പിന്നീട് സൂപ്പര്‍താര സിനിമകളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കഥാപാത്രമായി വടിവേലു മാറിയെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ് നടന്റെ കരിയറിനെ ബാധിച്ചു. നടന്‍ വിജയ്കാന്തിനെതിരെ സംസാരിച്ചതോട് കൂടിയാണ് വടിവേലുവിന് സിനിമകള്‍ പോലും നഷ്ടപ്പെടാന്‍ കാരണമായത്. എല്ലാ സിനിമകളിലും കേന്ദ്രകഥാപാത്രങ്ങളിലൊന്ന് ചെയ്ത നടനെ ആരും വിളിക്കാതെയായി.

ഇതോടെ വടിവേലു എവിടെയെന്ന് പോലും ആര്‍ക്കും മനസിലായില്ല. വര്‍ഷങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം. 2023 ല്‍ മാമന്നന്‍ എന്ന സിനിമയില്‍ ഗംഭീരപ്രകടനമാണ് താരം കാഴ്ച വെച്ചത്. സ്ഥിരം കോമഡി കഥാപാത്രം വിട്ട് സീരിയസ് റോളുകളാണ് നടനിപ്പോള്‍ ചെയ്യുന്നത്. ഇതിനിടെ വടിവേലു ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. തമിഴ് സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍നിരയില്‍ തന്നെ വടിവേലു ഇരിക്കുകയായിരുന്നു. അവിടേക്ക് എത്തിയ നടനും നര്‍ത്തകനുമായ പ്രഭുദേവ, വടിവേലുവിന്റെ മുഖത്ത് നോക്കി ചില ആക്ഷന്‍ കാണിച്ചു. അതേ രീതിയില്‍ നടന്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ വളരെ പെട്ടന്നാണ് പ്രഭുദേവ നടന്റെ തല പിന്നിലേക്ക് പിടിച്ചു വായില്‍ വിരലിട്ട് കുത്തുന്നത് പോലുള്ള ആക്ഷന്‍ കാണിച്ചത്. ഇതിഷ്ടപ്പെടാതെ വന്ന വടിവേലു കൈ തട്ടി മാറ്റി.

എന്നിട്ടും വിടാന്‍ ഉദ്ദേശമില്ലാതെ പ്രഭുദേവ വടിവേലുവിന്റെ മുടിയില്‍ പിടിച്ചു കുലുക്കുകയും ചെയ്തു. ഇതും സഹിക്കാന്‍ കഴിയാതെ വടിവേലു തട്ടി മാറ്റിയത്തോടെയാണ് പ്രഭുദേവ മുന്നോട്ട് മാറി പോകുന്നത്. നടന്റെ തമാശരീതിയില്‍ ഉള്ള പ്രവൃത്തി കണ്ട് സമീപത്തു ഇരുന്ന ധനുഷ് അടക്കമുള്ളവര്‍ പൊട്ടി ചിരിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

തമാശയുടെ പേരിലാണെങ്കില്‍ പോലും ഈ കാണിച്ചത് മര്യാദയില്ലാത്ത പ്രവൃത്തിയായി പോയി എന്നാണ് ആരാധകര്‍ പ്രഭുദേവയോട് പറയുന്നത്. അദ്ദേഹത്തിന്റെ മുഖം കണ്ടാല്‍ തന്നെ അറിയാം ഇഷ്ടപെട്ടില്ലെന്ന്. ഇടയ്ക്ക് വടിവേലുവിന്റെ മുഖം മാത്രമായി ക്ലോസ് ഷോട്ടില്‍ കാണിക്കുമ്പോഴും ദേഷ്യവും സങ്കടവും കലര്‍ന്ന അവസ്ഥയിലായിരുന്നു. പൊതുവേദി ആയത് കൊണ്ട് അനങ്ങാതെ ഇരുന്നു. അല്ലായിരുന്നെങ്കില്‍ ഒരു അടി കിട്ടേണ്ട കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല സൗഹൃദത്തിന്റെ പുറത്തോ തമാശയ്‌ക്കോ വ്യക്തികളുടെ ശരീരത്തില്‍ അനുമതിയില്ലാതെ തൊടുന്നത് ശരിയാണോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. മാത്രമല്ല താനൊരു കോമേഡിയനായിരുന്നു എന്ന കാര്യം വടിവേലു പോലും മറന്നിരിക്കുകയാണ്. പഴയ നടനെ മിസ് ചെയ്യുന്നു എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button