KeralaNews

പിഎം ശ്രീ; തലസ്ഥാനത്ത് ഇന്ന് എഐവൈഎഫ്, എഐഎസ്എഫ് പ്രതിഷേധം

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളവും അം​ഗീകരിച്ചതിൽ ഇടതു മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്കു പിന്നാലെ ഇടത് വിദ്യാർഥി- യുവജന സംഘടനകൾ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ തെരുവിൽ പരസ്യ പ്രതിഷേധത്തിനു എഐവൈഎഫ്, എഐഎസ്എഫ് തീരുമാനം. ഇന്ന് തലസ്ഥാനത്ത് സിപിഐ യുവജന, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി അണിനിരക്കും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും അവർ വ്യക്തമാക്കി. പദ്ധതിയിൽ നിന്നു പിൻമാറുന്നതു വരെ പ്രതിഷേധം തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു.

അതിനിടെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍. കണ്ണൂരിലാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചത്. കേരള സര്‍ക്കാര്‍ തീരുമാനം മതേതരനാടിന് അപമാനം എന്നുപറഞ്ഞായിരുന്നു എഐവൈഎഫ് പ്രവര്‍ത്തരുടെ പ്രതിഷേധം.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ കൂട്ടുനിന്നെന്നും നാലുവെള്ളിക്കാശിന് വേണ്ടി ഒറ്റിക്കൊടുത്തുവെന്നും മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ശിവന്‍കുട്ടിയുടെ കോലം കത്തിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് എത്തിയതിന് പിന്നാലെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കോലം കത്തിക്കല്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button