
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിമാരും കൺവെഷനിൽ പങ്കെടുക്കും. പിണറായിസത്തിന് അന്ത്യം കുറിയ്ക്കുന്ന തിരഞ്ഞെടുപ്പ് എന്ന പി വി അൻവറിൻ്റെ വിവരണം നിലമ്പൂരിൽ യുഡിഎഫും ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെഷൻ ഉദ്ഘാടനം ചെയ്യാനായി മണ്ഡലത്തിൽ എത്തുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന വിലയിരുത്തലുകൾക്കിടയിലാണ് മുഖ്യമന്ത്രി എത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സിറ്റിങ്ങ് സീറ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് നിർണ്ണായകമാണ്. പിണറായി വിജയൻ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന പ്രതീതി നിലനിർത്താൻ നിലമ്പൂരിലെ വിജയം അനിവാര്യമാണെന്നാണ് ഇടതുമുന്നണി കണക്കാക്കുന്നത്. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകരുടെ ആവേശം ഉയരുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടയായി ആസൂത്രണം ചെയ്യപ്പെടുമെന്നുമാണ് എൽഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ തന്നെ സിപിഐഎം രംഗത്തിറക്കിയത് നിലമ്പൂർ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പൊതുസ്വതന്ത്രനെ രംഗത്തിറക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു സ്വരാജിനെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചത്. മുഖ്യമന്ത്രി തന്നെയാണ് എം സ്വരാജ് മത്സരിക്കട്ടെയെന്ന് നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും എത്ര ഗൗരവത്തിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത് എന്ന് കൂടിയാണ് എം സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വം വ്യക്തമാക്കുന്നത്. 19 കൊല്ലത്തിന് ശേഷമാണ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ സിപിഐഎം സ്ഥാനാർത്ഥി മത്സരിക്കുന്നത്. കേരള സിപിഐഎമ്മിലെ ഏറ്റവും ജനപ്രിയനായ യുവനേതാവ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരിക്കാനെത്തിയതോടെ പാർട്ടി അണികളും ആവേശത്തിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തിയ എം സ്വരാജിന് ആവേശകരമായ സ്വീകരണമാണ് നിലമ്പൂരിൽ ലഭിച്ചത്. മുഖ്യമന്ത്രി കൂടി എത്തുന്നതോടെ ഈ ആവേശം വാനോളം ഉയരുമെന്നാണ് എൽഡിഎഫ് നേതൃത്വം കണക്കാക്കുന്നത്.