അടുത്ത തെരഞ്ഞെടുപ്പിലും പിണറായി തന്നെ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, പ്രത്യേക അനുമതിക്കായി സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തി ഹാട്രിക്ക് ഭരണം നേടാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഈ മാസം ആറു മുതല്‍ ഒന്‍പതു വരെ കൊല്ലത്തു നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം തയാറാക്കും. ഇതിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പ്രത്യേക അനുമതി സിപിഎം തേടും.
യു.ഡി.എഫിലെ പടലപിണക്കങ്ങളും മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും മൂന്നാം ഭരണത്തിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. പിണറായി വിജയന്‍തന്നെ നായകനായി വന്നാല്‍ മൂന്നാം തവണയും ഭരണം പിടിക്കാന്‍ കഴിയുമെന്നാണു സി.പി.എമ്മിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ ലഭിക്കുന്നതിനു സി.പി.എം. നിശ്ചയിച്ച 75 വയസ് പരിധി പിണറായി വിജയന്‍ പിന്നിട്ടെങ്കിലും ഇളവു നല്‍കാന്‍ പാര്‍ട്ടിക്കു കഴിയും. പ്രായപരിധി എന്ന പി.ബി. തീരുമാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസാണു ചര്‍ച്ച ചെയ്യേണ്ടത്. പി.ബി. അനുകൂല തീരുമാനമെടുത്താല്‍ പിണറായി വീണ്ടും മത്സരരംഗത്തുണ്ടാകും. കണ്ണൂരില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു പിണറായിക്കു വയസിളവ് നല്‍കിയത്. ഇനിയുള്ള ഒരു വര്‍ഷം വികസനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാനാണു സി.പി.എം. ലക്ഷ്യമിടുന്നത്. ഈ വര്‍ഷം പൂര്‍ത്തീകരിക്കേണ്ട പദ്ധതികളുടെ സമയക്രമം നിശ്ചയിച്ചു നല്‍കാന്‍ മന്ത്രിമാരോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാത 66, തീരദേശ ഹൈവേ, മലയോര ഹൈവേ, ആശുപത്രി, സ്‌കൂള്‍ എന്നിവയ്ക്കു പുതിയ കെട്ടിടം, ഐടി പാര്‍ക്കുകള്‍, വിഴിഞ്ഞം, അഴീക്കല്‍ തുറമുഖങ്ങള്‍, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും ഇതിന്റെ ഗുണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സി.പി.എം. വിലയിരുത്തുന്നു. റെക്കോഡ് വികസനം സാധ്യമാക്കിയ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായാല്‍ ഭരണം വീണ്ടും കൈപ്പിടിയിലാക്കാന്‍ കഴിയുമെന്നാണു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ്. ഘടകകക്ഷികളിലെ അസംതൃപ്തരായ വിഭാഗത്തെ അടര്‍ത്തിമാറ്റി ഇടതുമുന്നണി വിപുലീകരിക്കാനും നീക്കമുണ്ട്. സി.പി.എമ്മില്‍നിന്നു നിസാര കാരണങ്ങള്‍ക്കു പുറത്തുപോയവരെ തിരികെ കൊണ്ടുവരണമെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.
ഹാട്രിക്ക് ലക്ഷ്യമിട്ടുള്ള ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കാനുള്ള വേദിയായി സി.പി.എം. സംസ്ഥാന സമ്മേളനം മാറും. വരുന്ന ഇരുപതു വര്‍ഷംകൊണ്ടു കേരളത്തിലെ ജനജീവിതം വികസിത, അര്‍ധ വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ സംസ്ഥാന സമ്മേളനം ചര്‍ച്ചചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. പിണറായിയെ മുന്നില്‍നിര്‍ത്തുന്നതോടെ രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും പിണറായിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കൊല്ലം സമ്മേളനത്തിലുണ്ടാകും. തുടന്നു ഭരണം കൂടുതല്‍ മെച്ചപ്പെടുത്തിയും മുന്‍ഗണനാ ക്രമത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കിയും ആയിരിക്കും സര്‍ക്കാരിന്റെ പ്രയാണം. വിവിധ വിഭാഗങ്ങളോടുള്ള സമീപനത്തില്‍ മാറ്റംവരുത്തി ജനകീയ അടിത്തറ മെച്ചപ്പെടുത്തി പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനും സമ്മേളനം കര്‍മ്മപരിപാടി തയാറാക്കും. ഇതിന്റെ ഭാഗമായി അടിസ്ഥാന മേഖലയില്‍ അതിവേഗ വികസനമാണു സി.പി.എം. ലക്ഷ്യമിടുന്നത്. അതേസമയം ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട രീതിയില്‍ ആണെങ്കില്‍ പോലും വിഭാഗീയ ശബ്ദം നിലനില്‍ക്കുന്നുണ്ട്. ഈ സമ്മേളനത്തോടെ വിഭാഗീയത പൂര്‍ണമായും തുടച്ചു നീക്കാന്‍ കഴിയുമെന്നും നേതൃത്വം കരുതു