
ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍ ഉന്നയിച്ചേക്കും.
ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പരിപാടി സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണ് ഇതെന്നും നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു വാദം. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദേവസ്വംബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ, പ്രചാരണങ്ങള്‍ക്കോ വിനിയോഗിക്കാന്‍ പാടില്ല.
പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. അവിടെ അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ പി ബി കൃഷ്ണന്‍, അഭിഭാഷകന്‍ എം എസ് വിഷ്ണു ശങ്കര്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടിഹാജരാകുന്നത്.