
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് സംബന്ധിച്ചുള്ള ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ടോൾ പിരിവിന് ഉപാധികളോടെ അനുമതി നൽകാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിബന്ധനകൾ എന്തൊക്കെയെന്ന് കോടതി ഇന്നു പുറപ്പെടുവിക്കുന്ന ഉത്തരവിൽ വ്യക്തമാക്കും.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു. ഇടക്കാല ഗതാഗത മാനേജ്മെൻറ് കമ്മിറ്റി പരിശോധന തുടരണമെന്നും കൃത്യമായ ഇടവേളകളിൽ കമ്മിറ്റി പരിശോധന നടത്തണമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചിരുന്നു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ടോൾ പിരിവ് തടഞ്ഞ് കഴിഞ്ഞ മാസം അഞ്ചിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയപാത അതോറിറ്റിയും, ടോൾ കമ്പനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഗതാഗത പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചതായി കളക്ടറും മോണിറ്ററിംഗ് കമ്മറ്റിയും റിപ്പോർട്ട് നൽകിയതോടെയാണ് ടോൾ പിരിവിന് ഉപാധികളോടെ അനുമതി നൽകാൻ ഹൈക്കോടതി തീരുമാനിച്ചത്.