Business

ഓഹരി വിപണിയില്‍ എങ്ങനെ നേട്ടം കൈവരിക്കാം


ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 2020 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഓഹരി വിപണി മികച്ച മുന്നേറ്റം തന്നെയാണു നടത്തിയത്.  ഈ കാലയളവിലാണ് ഓഹരി വിപണിയിലേക്കു വ്യക്തിഗത നിക്ഷേപങ്ങള്‍ കൂടിയതും.
ഓഹരി വിപണിയില്‍ നേരിട്ടും  അല്ലാതെയും നിക്ഷേപിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും പുതുതലമുറ ഓഹരി വിപണിയില്‍നിന്നു കാര്യമായ നേട്ടം ലഭിക്കാന്‍ തുടങ്ങിയതോടെ കൂട്ടമായി വിപണി നിക്ഷേപത്തിലേക്ക് ആകര്‍ഷകരായി എന്നതാണ് യാഥാര്‍ത്ഥ്യം. ഓഹരി വിപണി  നിക്ഷേപത്തെക്കുറിച്ച്  അറിവുള്ളവരും ഇല്ലാത്തവരും തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണു മ്യൂച്ചല്‍ ഫണ്ട്.
മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക വഴി ഓഹരി വിപണിയിലെ നേട്ടത്തിന്റെ ഭാഗമാകാന്‍ സാധിക്കും. അവ മികച്ച വളര്‍ച്ച  ഈ കാലയളവില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതില്‍ ആകര്‍ഷകരായി പ്രായമായവരും പുതുതലമുറയും കാര്യമായ രീതിയില്‍ തന്നെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തി വരികയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ന് സ്ഥിതി അല്പം മാറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. പുതിയ നിക്ഷേപകര്‍ എത്തിയശേഷം ആദ്യമായാണ് ഇത്രയും നാള്‍ തുടര്‍ച്ചയായി വിപണിയില്‍ ഇടിവ് ഉണ്ടാകുന്നത്. ഇതു പുതുനിക്ഷേപകരെ അലോസരപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഓഹരി വിപണിയിലെ ഇത്തരം ഇടിവ് പ്രതീക്ഷിച്ചിരുന്നതാണ് എന്നാണു വിദഗ്ധാഭിപ്രായം. കാരണം തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിപണി എപ്പോള്‍ വേണമെങ്കിലും ഒരു ലാഭമെടുപ്പിലേക്കു പോകാന്‍ സാധ്യതയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ പരിചിതമല്ലാത്ത പുതു നിക്ഷേപകര്‍ വിപണിയില്‍നിന്ന് അകലുന്ന പ്രവണതയാണു കാണുന്നത്.  പ്രത്യേകിച്ചും എസ്.ഐ.പി. നിക്ഷേപകരാണ് എന്ത് ചെയ്യണം എന്ന ആശങ്കയില്‍ ആയിരിക്കുന്നത്. ഇവിടെ ആശങ്കപ്പെടാതെ നിലവിലുള്ള നിക്ഷേപം തുടരുകയാണു വേണ്ടത.് ദീര്‍ഘകാലം മുന്നില്‍കണ്ട് നിക്ഷേപിക്കുമ്പോള്‍ ഇടയില്‍ വരുന്ന ചാഞ്ചാട്ടങ്ങള്‍ കൂടുതല്‍ നിക്ഷേപിക്കാനുള്ള അവസരമായാണു കാണേണ്ടത.് അതായത് വിപണി താഴോട്ട് വരുമ്പോള്‍ സ്വാഭാവികമായും മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകളുടെ വില കുറയുകയും കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഭാവിയില്‍ വിപണി തിരിച്ചുവരവ് നടത്തുന്ന സമയത്ത് യൂണിറ്റുകളുടെ വില ഉയരുമ്പോള്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ വിപണികളിലെ ഇത്തരം ഉയര്‍ച്ച താഴ്ചകള്‍ പ്രവചനാതീതമായതുകൊണ്ട് തന്നെ ദീര്‍ഘകാലം മുന്നില്‍ കണ്ടു വേണം നിക്ഷേപം നടത്താന്‍ അതുകൊണ്ട് വിപണി താഴുമ്പോള്‍ എസ്.ഐ.പി. നിക്ഷേപങ്ങളില്‍ നിന്നു മാറിനില്‍ക്കാതെ കൂടുതല്‍ നിക്ഷേപം നടത്തി മികച്ച നേട്ടം ഉണ്ടാക്കാനുള്ള അവസരമായി എടുക്കുകയാണു വേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button