News

സീറ്റ്ബെൽറ്റില്ല, അമിതവേഗം, സിഗ്നൽ തെറ്റിക്കൽ; എഐ ക്യാമറയിൽ കുടുങ്ങി പൊലീസിന്‍റെ നിയമലംഘനം

തിരുവനന്തപുരം: നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങള്‍ തുടരുന്നു. എഐ ക്യാമറ സ്ഥാപിച്ചതിനുശേഷം നാലായിരത്തോളം നോട്ടീസുകളാണ് പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും യാത്ര ചെയ്ത പൊലീസുകാർ നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കുന്നില്ല. നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവ് പാടെ അവഗണിച്ചുകൊണ്ടാണ് പൊലീസുകാര്‍ ട്രാഫിക് നിയമലംഘനം തുടരുന്നത്.
എഐ ക്യാമറകള്‍ വെയ്ക്കുന്നതിന് മുമ്പ് പൊലീസുകാരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിരത്തിൽ പെറ്റി പിരിച്ചിരുന്നത്. കാക്കിയിട്ടവരുടെ നിയലംഘനങ്ങള്‍ പലപ്പോഴും പെറ്റിപ്പിരിവുകാർ കണ്ണടച്ചുകൊടുക്കുമായിരുന്നു. പഴയതരം ക്യാമറയിൽപ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കാറുമുണ്ടായിരുന്നില്ല.എന്നാൽ, എഐ വന്നതോടെ കളിമാറി. പൊലീസെന്നോ പൊതുജനമെന്നോ പുതിയ ക്യാമറക്കില്ല. എല്ലാ പൊലീസ് വാഹനങ്ങളും ഡിജിപിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത്.

അതോടെ പൊലീസ് ആസ്ഥാനത്തേക്ക് പെറ്റി പ്രവാഹമായി. സീറ്റ് ബെൽറ്റിടാതെ മുൻ സീറ്റിലിരിക്കുന്ന എസ്എച്ചഒയും എസ്ഐമാരും, റെഡ് സിഗ്നൽ ലംഘിച്ചുള്ള യാത്ര, ഹെൽമെറ്റ് ധരിക്കാതെയുള്ള ബൈക്ക് യാത്രകള്‍ എന്നിങ്ങനെ നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് പൊലീസുകാര്‍ തീര്‍ത്തിരിക്കുന്നത്. പെറ്റികള്‍ കൂടിയതോടെ എല്ലാവരും ട്രാഫിക് നിയമം അനുശാസിക്കണമെന്ന് ഡിജിപി കർശന നിര്‍ദേശം നൽകി. എന്നാൽ, നിര്‍ദേശത്തിനുശേഷവും നിയമലംഘനത്തിന് കുറവില്ല. ഈ ജനുവരി ഒന്നുവരെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 3988 നോട്ടീസുകളാണ് മോട്ടോർ വാഹനവകുപ്പ് പൊലീസിന് അയച്ചത്.

നിയമപാലകർ നിയമം തെറ്റിക്കുന്നത് കൂടിയതോടെ ആരോണോ നിയമം ലംഘിക്കുന്നത് ആ ഉദ്യോഗസ്ഥരിൽ നിന്നും പണം ഈടാക്കി പെറ്റിയടിക്കാൻ ഡിജിപി ഓരോ ജില്ലാ പൊലീസ് മേധാവിമാരോടും ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്ത് വന്ന പെറ്റികള്‍ ഓരോ ജില്ലയിലേക്ക് അയച്ചു കൊടുത്തു.
പക്ഷെ പിഴയൊടുക്കുന്നതിൽ അത്രവലിയ താൽപര്യം ഉദ്യോഗസ്ഥർക്കില്ല. എത്ര പേർ പിഴയടച്ചുവെന്ന വിവരാവകാശ ചോദ്യത്തിന് പൊലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചിട്ടില്ലെന്ന ഒഴുക്കൻ മറുപടിയാണ് നൽകുന്നത്.

പിഴയടച്ച് എത്രയും വേഗം മറുപടി നൽണമെന്ന് ഡിജിപി കത്ത് നൽകിയിട്ട് രണ്ടു മാസം കഴിയുന്നു. പക്ഷെ മിക്ക പൊലീസ് മേധാവിമാരും ഇതുവരെ മറുപടി നൽകിയിട്ടില്ല. എല്ലാ ഔദ്യോഗിക യാത്രയാണെന്നും സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകില്ലെന്നും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ശാഠ്യം പിടിക്കുന്നതിനാൽ ജില്ലാ പൊലീസ് മേധാവിമാരും കുഴഞ്ഞിരിക്കുകയാണ്. പൂച്ചക്കാര്‍ മണികെട്ടും എന്നതാണ് ചോദ്യം. ഈ ലക്ഷകണക്കിന് വരുന്ന പിഴതുക ഇനി ആര് അടയ്ക്കുമെന്നതിൽ വ്യക്തതയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button