
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.
നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.
ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു.



