
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴായാണ് അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളില്‍ രാത്രിയോടെ അനുഭവപ്പെട്ട ശക്തമായ മഴ പുലര്‍ച്ചെ വരെയും തുടര്‍ന്നു. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍ രാത്രിയിലെ മഴയില്‍ വെള്ളം കയറി.
കക്കികവലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നെടുങ്കണ്ടം തൂക്കുപാലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. സ്‌കൂട്ടറും കാറുമാണ് ഒലിച്ചുപോയത്. നെടുങ്കണ്ടം മേഖലയില്‍ മഴ ശക്തമാണ്.കൂട്ടാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
മഴ ശക്തമായതോടെ ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ഡൈവേര്‍ഷന്‍ അണക്കെട്ടായ കല്ലാര്‍ ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ തുറന്ന് 160 ക്യൂമെക്സ് ജലമാണ് ഒഴുക്കിവിടുന്നത്.



