KeralaNews

കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ക്ക് വിദഗ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍

കൊച്ചി തീരത്ത് അറബിക്കടലില്‍ ഉണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് സമിതികളെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസെസ്മെന്റ് ഓഫീസർ. ഇദ്ദേഹമാണ് കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ ഓഫീസർ. നഷ്‌ടപരിപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചർച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം, എം എസ് സി-എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്. കണ്ടെയ്‌നറുകളുടെ യാത്രയിനി വലിയതോതിലുണ്ടാകുമെന്ന് കരുതുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. തീരത്തടിഞ്ഞ നര്‍ഡിലുകള്‍ (ചെറു പ്ലാസ്റ്റിക് തരികള്‍) സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. തീരം വൃത്തിയാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

കരയില്‍ വന്നടിയുന്ന കണ്ടെയ്നറുകള്‍ പോര്‍ബന്തര്‍ ആസ്ഥാനമായുള്ള വിശ്വകര്‍മ എന്ന കമ്പനി കൈകാര്യം ചെയ്യും. കടലിലെ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നതിനായി അമേരിക്ക ആസ്ഥാനമായുള്ള ടി.എന്‍.ടി എന്ന കമ്പനിയെ കപ്പലുടമകള്‍ ചുമതലപ്പെടുത്തി. ഈ കമ്പനി അതിനൂതന സാങ്കേതികവിദ്യ ഉപയോ?ഗിച്ച് സ്‌കാനിംഗ് നടത്തി കപ്പല്‍ കണ്ടെത്തി. കപ്പലിന്റെ മേല്‍ഭാഗം 31 മീറ്റര്‍ ആഴത്തിലാണ് ഉള്ളത്. 100 മീറ്ററിലധികം ആഴത്തിലാണ് കപ്പലെന്നായിരുന്നു അനുമാനം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല. കൂടാതെ, സുരക്ഷിതമായാണ് ഇവ പാക്ക് ചെയ്തിരിക്കുന്നതെന്നതിനാല്‍ ഒരുകാരണവശാലും പുറത്തേക്ക് വരില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button