KeralaNews

‘യുഡിഎഫ് അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ നിർത്തുമെന്ന് സൂചന’; ദേശാഭിമാനിയിൽ എം വി ഗോവിന്ദൻ

യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമപെന്‍ഷന്‍ നിര്‍ത്തുമെന്നാണ് സൂചനയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറയുന്നതിനെ അങ്ങനെ കാണണമെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിൽ നേര്‍വഴി എന്ന കോളത്തിലെ ‘ചുവപ്പിന്‍ പ്രകാശം’ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

‘ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷത്തോളം പേരെയാണ് കൈക്കൂലി വാങ്ങുന്നവരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് അപമാനിച്ചത്. അവശ ജനവിഭാഗത്തിന്റെ അവകാശത്തെ കൈക്കൂലിയെന്ന് വിശേഷിപ്പിക്കാന്‍ മനുഷ്യത്വം കൈമോശം വന്നവര്‍ക്കേ കഴിയൂ. ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതിക്ക് എതിരാണ് തങ്ങളെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയിരിക്കുന്നത്. യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കുമെന്ന സൂചനയാണ് ഇതുവഴി കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുമെന്ന അങ്കലാപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം അറിഞ്ഞ് പറഞ്ഞയച്ചതാണ് രാഹുലിനെ. പിടിക്കപ്പെട്ടപ്പോള്‍ കയ്യൊഴിഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ അന്‍വറിനെ ആയുധമാക്കിയവര്‍ അതേ ആയുധംകൊണ്ട് മുറിവേറ്റ് പിടയുകയാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ മത്സരിച്ചാലും ഇല്ലെങ്കിലും എല്‍ഡിഎഫിന് അതൊരു വിഷയമേയല്ലെന്നും യുഡിഎഫാണ് അങ്കലാപ്പിലാകുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫ് തന്നെ ഇല്ലാതാകുന്ന, അല്ലെങ്കില്‍ ശിഥിലമാകുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധം നിലമ്പൂരില്‍ പകല്‍ പോലെ വ്യക്തമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വഴിക്കടവ് പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിയമനം ഉദാഹരണമാണ്. തീവ്ര ഹിന്ദുനിലപാടുകളില്‍ കുപ്രസദ്ധനായ ആളെ യുഡിഎഫ് നിയമിച്ചെന്നും കൃഷ്ണരാജിന്റെ നിയമനത്തെ കുറിച്ച് എം വി ഗോവിന്ദന്‍ പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ രാജ്യമെമ്പാടും സംഘപരിവാര്‍ ആക്രമണം കടുപ്പിച്ച ഘട്ടത്തിലാണ് ആ സമുദായത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഈ പൊടിക്കൈ ഒന്നും കേരളത്തില്‍ പ്രത്യേകിച്ച് നിലമ്പൂരില്‍ ഏശില്ലെന്ന് ഉറപ്പാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button