KeralaNews

തദ്ദേശതെരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കും

തദ്ദേശസ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമപട്ടിക ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 നകം പൂർത്തിയാക്കും.

കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇവിഎമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്.

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും 152 ബ്‌ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതെരഞ്ഞെടുപ്പ്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്തംബർ 10ന് മാത്രമേ അവസാനിക്കുകയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button