KeralaNews

കീടനാശിനികളടക്കം കൊടിയ വിഷവസ്തുക്കള്‍ ; കണ്ടെയ്‌നറുകള്‍ തൃശൂരിനും കൊച്ചിക്കുമിടയില്‍ എത്തിയേക്കും, ജാഗ്രത

കേരളത്തിന്റെ പുറംകടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍ ( MV WAN HAI 1503 ) ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ. 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ് വിവരം.

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ മാര്‍ഗരേഖ പ്രകാരം ക്ലാസ് 6.1ല്‍ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ട്. 20 കണ്ടെയ്‌നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്‌നറില്‍ 27,786 കിലോഗ്രാം ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് എന്ന മറ്റൊരു കീടനാശിനിയുമാണ് ഉള്ളത്. ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാമെതിലിന്‍ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയര്‍ത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നും കാര്‍ഗോ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു.

പരിസ്ഥിതിക്കു ഭീഷണിയുയര്‍ത്തുന്ന ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോ ബെന്‍സീന്‍, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്. 40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്. 19 കണ്ടെയ്‌നറുകളില്‍ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്‌നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്‌നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, 4 കണ്ടെയ്‌നറുകളില്‍ പാരാ ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുമുണ്ട്. വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുമുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ക്ലാസ് 4.2ല്‍ ആണ് ഇതു വരുന്നത്.

കപ്പലില്‍ നിന്ന് ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്. കപ്പല്‍ ഇതുവരെ മുങ്ങിയിട്ടില്ല. കറുത്ത കട്ടിയുള്ള പുകയാണ് ഇപ്പോഴും ഉയരുന്നത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഫോര്‍വേഡ് ബെയില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാണ്. കപ്പലിന്റെ മധ്യഭാഗത്ത് നിന്നുള്ള തീയും പൊട്ടിത്തെറിയുമാണ് തുടരുന്നത്. കണ്ടെയ്‌നറിനോട് ചേര്‍ന്നുള്ള ഭാഗമാണിത്. കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ചരിവ്. ഇവിടെ നിന്ന് കണ്ടെയ്‌നറുകള്‍ കൂടുതലായി കടലിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്.

കപ്പല്‍ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരില്‍ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈനീസ് പൗരന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 32 മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കപ്പലില്‍ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാന്‍ സാധ്യത എന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഹൈദരാബാദ് അസ്ഥാനമായ ഇന്‍കോയിസ് നിഗമനത്തില്‍ കണ്ടെയ്‌നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയില്ല. അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ അറബിക്കടലില്‍ തെക്കു ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സര്‍ക്കാരിനും മറ്റും നടപടി എടുക്കാന്‍ വേണ്ടത്ര സമയമുണ്ടെന്നും ഇന്‍കോയിസ് അറിയിച്ചു. കടലിലെ ഒഴുക്ക് തെക്കുകിഴക്കന്‍ ദിശയിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേയ്ക്ക് കണ്ടെയ്‌നറുകള്‍ ഒഴുകി എത്താന്‍ സാധ്യതയുണ്ടെന്ന് അഴിക്കല്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button