
സർവീസ് സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ അടിച്ച് പൊട്ടിച്ചതായി പരാതി. മാവൂർ-കോഴിക്കോട് റൂട്ടിലും മുക്കം-കോഴിക്കോട് റൂട്ടിലും ഓടുന്ന ഉത്രാടം ഗ്രൂപ്പിന്റെ സ്വരരാഗം, മഞ്ജു എന്നീ ബസ്സുകളുടെ ചില്ലാണ് ബൈക്കിലെത്തിയ രണ്ടുപേർ അടിച്ചുപൊട്ടിച്ചത്. ശനിയാഴ്ച്ച പുലർച്ചെ ഒന്നരക്കും രണ്ടേമുക്കാലിനും ഇടയ്ക്കാണ് സംഭവം.
രണ്ടുദിവസം മുമ്പ്, സമയം സംബന്ധിച്ച് മറ്റൊരു ബസ്സിലെ ജീവനക്കാരുമായി തർക്കം ഉണ്ടായിരുന്നു. തുടർന്ന് ബസ് പാളയത്ത് നിർത്തിയിട്ട സമയത്ത് മുക്കം ഭാഗത്തെ കുറെ ബസ്സുകളുടെ നടത്തിപ്പുകരനായ ബഷീർ എന്നയാൾ എത്തി സ്വരരാഗം ബസിന്റെ താക്കോൽ ഊരിക്കൊണ്ടുപോയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും 7000 രൂപ ഇയാളിൽനിന്ന് ഈടാക്കിയിരുന്നു. ഇതിന്റെ വൈാരാഗ്യമാണ് ശനിയാഴ്ച്ചത്തെ അക്രമത്തിന് കാരണമെന്നാണ് ആരോപണം.
സർവീസ് കഴിഞ്ഞ് മുക്കം നഗരത്തിലും പെരുമണ്ണയിലും നിർത്തിയിട്ടിരിക്കുന്ന ബസ്സുകളാണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.



