
ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷികം. അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്.
1956 നവംബർ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ സാമ്പത്തിക രംഗത്തെ, ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണസമരങ്ങൾ തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ.
രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി കേരളം. ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദസഞ്ചാരരംഗത്ത് വലിയ മുന്നേറ്റം. കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ഗോത്ര കലകളുമുൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളിൽ വിദേശനാടുകളിൽപ്പോലും പഠനങ്ങൾ നടക്കുന്നു. രാജ്യത്ത് എക്കാലവും മുന്നിലാണ് കേരളം. പൊതുജനാരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളിൽ മുന്നോട്ട് കുതിക്കുന്ന നാട്. കാലാവസ്ഥ മാറ്റം സൃഷ്ടിച്ച വലിയ പ്രതിസന്ധികളെ പല കുറി അതിജീവിച്ചു. ഏതൊരു ദുരന്തമുഖത്തും ഒന്നാണ് നമ്മളെന്ന് ഊട്ടിയുറപ്പിക്കുന്ന ജനങ്ങളുടെ നാട് കൂടിയാണ് കേരളം.



