
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു ഭാവഭേദവുമില്ലാതെ കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല.
വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് നേരത്തെ അതുല്യയും അഖിലയും പ്രതികരിച്ചത്. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ഇന്ന് വിധി പറഞ്ഞത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. ഈ കേസിൽ വിധി വരുന്നതോടെ ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു.