KeralaNews

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ പത്രിക നൽകാം. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിർദേശ പത്രിക നൽകാനുളള അവസാന തീയതി. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.

കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോ‍ട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button