KeralaNews

അതിവേഗ നടപടി ; കീം ഫലം റദ്ദാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അതിവേഗം അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തിരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നതായിരുന്നു ഹൈക്കോടതി വിധി. സർക്കാറിൻറ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാനാവും. അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും. രണ്ടിൽ ഏതായാലും പ്രവേശനം വൈകുമെന്ന് ഉറപ്പായി.

കഴിഞ്ഞ ദിവസമാണ് കീമിൻ്റെ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഫീസ് പുതുക്കൽ അന്തിമഘട്ടത്തിലാണ്. ഈയാഴ്ച അവസാനത്തോടെ എൻട്രൻസ് കമ്മീഷണർ ഓപ്ഷൻ ക്ഷണിക്കാനിരുന്നതാണ്. അതിനിടെയാണ് ഹൈക്കോടതിയിൽ നിന്നുള്ള തിരിച്ചടി. ഇന്നത്തെ ഉത്തരവ് നാളെ സ്റ്റേ ചെയ്താൽ, പുതിയ വെയ്റ്റേജ് ഫോർമുലയിൽ വീണ്ടും നടപടികൾ തുടങ്ങാം. പക്ഷെ തള്ളിയാൽ പഴയ ഫോർമുലയിലേക്ക് മാറണം. ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ആകെ മാറിമറയും. വിദ്യാർത്ഥികളുടെ കണക്ക് കൂട്ടൽ തെറ്റും പലർക്കും പ്രവേശനം പോലും കിട്ടാതെ വരും.

ഓഗസ്റ്റ് പകുതിയോടെ എഞ്ചിനീയറിംഗ് പ്രവേശനം പൂർത്തിയാക്കണമെന്ന എഐസിടിഇ ഷെഡ്യൂളും തെറ്റുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് യാഥാർത്ഥ്യമാണ്. പക്ഷെ സർക്കാർ മാറ്റം നടപ്പാക്കാൻ വൈകിയതാണ് പ്രതിസന്ധിക്കുള്ള കാരണം. പ്രോസ്പെക്ടസിൽ മാറ്റം വരുത്താമെന്ന വ്യവസ്ഥയുണ്ടെന്നാണ് സർക്കാർ വാദം. പക്ഷെ പരീക്ഷ കഴിഞ്ഞ് സ്കോർ പ്രസിദ്ധീകരിച്ച ശേഷം എത്രത്തോളം മാറ്റമാകാമെന്ന ചോദ്യം ബാക്കിയാണ്. പുതിയ ഫോർമുല മൂലം റാങ്ക് ലിസ്റ്റിൽ പിന്നിൽ പോയെന്ന സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്കയുമുണ്ട്. സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചവർ സുപ്രീം കോടതിയെയും സമീപിക്കാൻ സാധ്യതയുണ്ട്. അങ്ങിനെയായാലും നടപടികൾ വൈകും. പ്രവേശനത്തിലൂടനീളം ആശങ്കയുടെ നിഴലും തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button