
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവകുമാറിനെ പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.
ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ചയെന്നും, ദേശീയ നേതൃത്വം വിളിപ്പിച്ചാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തയ്യാറാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള വാക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് വിഷയം എത്രയും വേഗം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യ, ശിവകുമാര്‍ ക്യാംപുകള്‍ നീക്കം സജീവമാക്കിയിരുന്നു.
അതിനിടെ, ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്താനായി ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പോകുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കര്‍ണാടകയില്‍ തുടരുകയാണ്. ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷ് നിലവില്‍ ഡല്‍ഹിയിലുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അദ്ദേഹം ബന്ധപ്പെട്ടുവരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2023ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍, രണ്ടര വര്‍ഷത്തിനുശേഷം, മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് ശിവകുമാര്‍ ക്യാംപ് പറയുന്നത്.



