വീട് എങ്ങനെ നോക്കി നടത്തുന്നു എന്നതാണ് പ്രധാനം, എനിക്കതാെരു കുറവായി തോന്നിയിട്ടില്ല’; കാവ്യ മാധവൻ
മലയാള സിനിമയുടെ മുഖശ്രീയായിരുന്നു നടി കാവ്യ മാധവൻ. സ്വാഭാവിക സൗന്ദര്യം കൊണ്ട് വൻ ആരാധക വൃന്ദമുണ്ടാക്കിയ കാവ്യയോട് എന്നും പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിലാണ് കാവ്യയെ സിനിമാ ലോകം സ്വീകരിച്ചത്. ചെയ്ത വേഷങ്ങളിൽ പലതും അങ്ങനെയായിരുന്നു. സിനിമാ കരിയറിനേക്കാൾ സംഭവ ബഹുലമായാണ് കാവ്യയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. നടി സിനിമാ രംഗം വിട്ടിട്ട് 9 വർഷത്തോളമായി. 2016 ലാണ് അവസാന സിനിമ പിന്നെയും പുറത്തിറങ്ങിയത്.
ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നയാളാണ് കാവ്യ. 9ാം ക്ലാസിൽ പഠിക്കുമ്പോഴേ നായികയായി. സിനിമാ തിരക്കുകളിൽ പഠനം മുന്നോട്ട് കൊണ്ട് പോകാൻ കാവ്യക്ക് കഴിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് ഒരിക്കൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിദ്യഭ്യാസം കുറഞ്ഞതിൽ എനിക്ക് വിഷമം ഒന്നുമില്ല. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്.
പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.
ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി.
ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്. ആ ബന്ധം തകർന്നെങ്കിലും പിന്നീട് നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം ആഗ്രഹിച്ച കുടുംബ ജീവിതം നയിക്കുകയാണ് കാവ്യ. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. കാവ്യക്കൊപ്പമുള്ള കുടുംബ ജീവിതത്തെക്കുറിച്ച് ദിലീപ് അടുത്തിടെ ചില അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. മകളുടെ കാര്യങ്ങളിലേക്കാണ് കാവ്യയുടെ ഇപ്പോഴത്തെ പൂർണശ്രദ്ധയെന്ന് ദിലീപ് അന്ന് വ്യക്തമാക്കി.
ആദ്യമൊന്നും കുക്ക് ചെയ്യില്ലായിരുന്നു. പക്ഷെ ഇപ്പോൾ നന്നായി കുക്ക് ചെയ്യും. എല്ലാ ഭക്ഷണവും ഉണ്ടാക്കും. ചായ പോലും ഉണ്ടാക്കാനറിയാത്ത ആളായിരുന്നു. കൊവിഡ് സമയത്ത് ഞങ്ങൾ പത്ത് പതിനാല് പേർ ഒരു വീട്ടിലായി. ഒന്നൊന്നര വർഷം വീട്ടിൽ തന്നെയാണല്ലോ. അന്നാണ് ആൾ കുക്കിംഗ് ചെയ്തത്. ഞങ്ങൾ പതിനാല് പേർക്ക് ആൾ ഒറ്റയ്ക്ക് സദ്യയുണ്ടാക്കി തന്നിരുന്നെന്നും ദിലീപ് പറഞ്ഞു.
One Comment