അഫാന്‍റെ പിതാവ് നാട്ടില്‍ വന്നിട്ട് 7 വർഷം; കടം മൂലം നാട്ടിലേക്ക് മടങ്ങാനാവാതെ അബ്ദുല്‍ റഹിം
23കാരനായ മകന്‍ നടത്തിയ ക്രൂരമായ കൊലപാതകങ്ങള്‍ എന്തിനു വേണ്ടിയായിരുന്നുവെന്ന് അറിയാതെ, ഉള്ള് തകര്‍ന്നിരിക്കുകയാണ് പ്രവാസിയായ പിതാവ് അബ്ദുല്‍ റഹിം. ഗള്‍ഫിലെ കച്ചവടത്തിന്റെ പേരില്‍ തനിക്കുണ്ടായ കടങ്ങളൊന്നും വീട്ടേണ്ടത് മകന്റെ ബാധ്യതയല്ലെന്നും, തന്റെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും അവനെ ബാധിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു. പ്രവാസിയാണ് അബ്ദുൽ റഹീം കഴിഞ്ഞ 25 വർഷമായി സൗദിയിലാണ്.
വീടും പുരയിടവും വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. വീട് വിറ്റ് കടം തീര്‍ക്കുന്നതില്‍ അവന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അഫാനെ ഒരാഴ്ചയ്ക്ക് മുന്‍പും ഫോണ്‍ വിളിച്ചു സംസാരിച്ചതാണ് ഞാന്‍. ഗള്‍ഫിലെ കച്ചവടവുമായി ബന്ധപ്പെട്ട കടങ്ങള്‍ തീർക്കാനാവാതെ നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ് ഞാന്‍. അതാണ് കഴിഞ്ഞ 7 വർഷമായി എനിക്ക് നാട്ടിലേക്ക് പോകാൻ കഴിയാത്തത്. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനുണ്ട്.
നാട്ടിലുള്ള വീടും വസ്തുവും വിറ്റ് കടം തീർക്കാനുള്ള തീരുമാനം കുടുംബത്തിലെ എല്ലാവർക്കും അറിയാമായിരുന്നു. ഇതിനിടെയിൽ അഫാന് എന്താണ് സംഭവിച്ചതെന്നും അറിയില്ല. കടബാധ്യതകൾ ഒഴിവാക്കാന്‍ വസ്തുവും വീടും വില്‍ക്കാമെന്ന് തന്നെയാണ് അഫാനും പറഞ്ഞിരുന്നത്. അതിനായി ബ്രോക്കർമാരോട് അവന്‍ സംസാരിക്കുക കൂടി ചെയ്തതാണ്.
അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെക്കാലത്ത് ആൺ പെൺ സൗഹൃദമൊക്കെ സാധാരണമാണെന്നും അതിന് ആവശ്യമില്ലാതെ ഗൗരവം നൽകേണ്ടതില്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കളെ അറിയിച്ചത്. ഈ പെണ്‍കുട്ടിയോട് അഫാൻ കുറച്ച് സാമ്പത്തിക സഹായം വാങ്ങിയിരുന്നു. അതില്‍ പകുതിയോളം പണം താന്‍ തന്നെ അയച്ചു കൊടുത്തിരുന്നു. – പിതാവ് പറയുന്നു