
എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2016ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ദേശീയപാത വികസനം ഇതുപോലെ ഉണ്ടാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു.
2014ല്‍ മലയാളിയുടെ സ്വപ്‌നപദ്ധതിക്ക് റീത്തുവെച്ച് പോയതാണ് യുഡിഎഫ് എന്നും മന്ത്രി പറഞ്ഞു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് കാരണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല. അന്ന് അവര്‍ ഓഫീസ് പൂട്ടിപ്പോയി. ദേശീയപാത വികസനം എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നതാണ്. എന്‍എച്ച് 66 നടപ്പില്‍ വരുത്തുക എന്നത് ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്തിയെന്നും മന്ത്രി വിശദീകരിച്ചു.
വസ്തുത പറയുമ്പോഴാണ് പ്രശ്‌നമെന്നും അത് കൃത്യയതോടെ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ തങ്ങളുടെ മുന്നിലുള്ള വഴി സോഷ്യല്‍ മീഡിയയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വസ്തുകകള്‍ പറയാതെ പോകുമ്പോള്‍ തങ്ങള്‍ക്ക് അത് പറഞ്ഞേ അതിയാകൂ. ആ നിലപാട് തങ്ങള്‍ സ്വീകരിക്കും. തങ്ങളുടെ ഓരോ പ്രവർത്തകരും മാധ്യമപ്രവര്‍ത്തനം ഏറ്റെടുക്കും. ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കും. റീല്‍സ് ഇടരുതെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ പങ്കുവെയ്ക്കുന്ന റീല്‍സിന് ലക്ഷക്കണക്കിന് റീച്ച് വരുമ്പോള്‍ റീല്‍സ് നിരോധിക്കണമെന്ന് പറഞ്ഞ് അവര്‍ കരയുകയാണ്. യുഡിഎഫും ബിജെപിയും തരംതാഴുകയാണ്. തങ്ങള്‍ ചെയ്യുന്ന ഒരു കാര്യവും ഭരണനേട്ടവും ജനങ്ങളില്‍ എത്തിക്കാതെ മായാവിയിലെ മമ്മൂട്ടിയെപ്പോലെ അദൃശ്യനായി നടക്കുകയാണോ വേണ്ടത്? റീല്‍സ് നിരോധിക്കാന്‍ ഇതെന്തോ അടിയന്തരാവസ്ഥയാണോ? റീല്‍സ് ഇടുന്നതിനെ അവഹേളിക്കുന്നത് അടിയന്താരാവസ്ഥയ്ക്ക് തുല്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. മറ്റുള്ളവര്‍ കാര്യങ്ങള്‍ മൂടിവെയ്ക്കുമ്പോള്‍ തങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കും. വകുപ്പിന്റെ നേട്ടങ്ങള്‍ തങ്ങള്‍ ഇനിയും പ്രചരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാത നിര്‍മാണം മികച്ച രീതിയില്‍ മുന്നോട്ടുപോകണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.