
ഫോർട്ട് ഹൈസ്കൂളിൽ പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂളിന് വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിൽ നടക്കുന്ന പരിപാടിയെ കുറിച്ച് അധികൃതർ അറിഞ്ഞിരിക്കണമെന്നും അതിനാൽ സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ന് തന്നെ മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് തീരുമാനം.
മുകേഷ് പോക്‌സോ കേസില്‍ പ്രതിയായ വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെ; ഖേദം പ്രകടിപ്പിച്ച് സന്നദ്ധസംഘടന
അതേസമയം സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തിൽ മുകേഷ് എം നായരെ പരിപാടിയിലേക്ക് ക്ഷണിച്ച സന്നദ്ധ സംഘടനയായ ജെസിഐ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. ജെസിഐ മുന്‍ സോണ്‍ ഡയറക്ടര്‍ ക്ഷണിച്ച പ്രകാരമാണ് മുകേഷ് പരിപാടിയില്‍ എത്തിയതെന്നാണ് സന്നദ്ധസംഘടന അറിയിച്ചത്. മുകേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മാധ്യമങ്ങളില്‍ നിന്നുമാണ് മുകേഷ് കേസില്‍ പ്രതിയായ വിവരം അറിയുന്നതെന്നുമാണ് ഇവർ നൽകിയ വിശദീകരണം.
കുറ്റാരോപിതനായ പോക്സോ കേസ് പ്രതി മുകേഷ് എം നായർ കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.