News

വ്യവസായ അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊച്ചി: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് (ഐ.കെ.ജി.എസ്) തുടക്കമായി. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രൗഡഗംഭീര ചടങ്ങിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ വാസവൻ, എം.ബി രാജേഷ്, ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ മന്ത്രിമാർ, വ്യവസായ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.

വ്യവസായത്തിനുള്ള അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് ഉച്ചകോടിയിൽ സംരംഭകർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി. ലൈസൻസുകൾ സമയബന്ധിതമായി നൽകും. വ്യവസായ വളർച്ചയ‌്ക്ക് സഹായകരമാകുന്ന സമഗ്രചട്ട ഭേദഗതി ഉടനുണ്ടാകും. ഇതിനുള്ള നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി സംരംഭകരെ അറിയിച്ചു. വ്യവസായങ്ങൾക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. റോഡ്, റെയിൽ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകി. ദേശീയ പാതകൾ മാത്രമല്ല എല്ലാ റോഡുകളുടെയും വികസനം ഉറപ്പാക്കി.

പവർകട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി കിട്ടാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ല. 100ൽ 87 കേരളീയർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് ദേശീയ ശരാശരിക്കും മുകളിലാണെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉച്ചകോടിയിൽ പൂർണസമയവും പങ്കെടുക്കുന്ന മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് തന്നെ കൊച്ചിയിലെത്തിയിരുന്നു. ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.വിദേശികളും പ്രവാസികളും ഉൾപ്പെടെ നിക്ഷേപകരുടെ സംഘങ്ങളും ഉച്ചകോടിക്ക് എത്തിയിട്ടുണ്ട്. ആറായിരം അപേക്ഷകളിൽ നിന്നാണ് മൂവായിരം പ്രതിനിധികളെ തിരഞ്ഞെടുത്തത്. 26 രാജ്യങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട നയതന്ത്ര പ്രതിനിധികളുമുണ്ട്. ജർമ്മനി, വിയറ്റ്‌നാം, നോർവേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇൻവെസ്റ്റ് കേരളയുടെ പങ്കാളികളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button