കേരളം നമ്പർ 1 : പണപ്പെരുപ്പ പട്ടികയിൽ ഒന്നാമത് !
ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ സംസ്ഥാനത്തെ പണപ്പെരുപ്പം. ദേശീയ സാമ്പത്തിക സ്ഥിതിവിവര ഓഫീസിന്റെ (NSO) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2025 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ദേശീയ തലത്തിലെ പണപ്പെരുപ്പത്തോത് 3.6% ആണ്. എന്നാല്‍ ഇതേ സമയം കേരളത്തില്‍ പണപ്പെരുപ്പം 7.3% ആണ്.
ദേശീയതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. രണ്ടാം സ്ഥാനത്തുള്ള ഛത്തിസ്ഗഡില്‍ 4.9%- വും കര്‍ണാടകയില്‍ 4.5%- വുമാണ് പണപ്പെരുപ്പം. ബീഹാറില്‍ പണപ്പെരുപ്പം 4.5% ആണെങ്കില്‍ ജമ്മു കാശ്മീരില്‍ ഇത് 4.3% ആണ്. പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ്, 1.3%. ഡെല്‍ഹി, ആന്ധ്രാ സംസ്ഥാനങ്ങളില്‍ 1.5%, 2.4% എന്നിങ്ങനെയുമാണ് പണപ്പെരുപ്പം.

ദേശീയ-സംസ്ഥാന തലങ്ങളിലെ ജീവിതവിലനിലവാര സൂചികയുടെ അടിസ്ഥാനത്തിലാണ് ദേശീയ സാമ്പത്തിക സ്ഥിതിവിവര ഓഫീസ് പണപ്പെരുപ്പത്തോത് കണക്കാക്കിയത്. പണപ്പെരുപ്പത്തെ അതിജീവിക്കുന്നതിനായിട്ടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജീവനക്കാര്‍ക്ക് സമയാസമയങ്ങളില്‍ ക്ഷാമ ബത്ത അനുവദിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2025 ജനുവരി വരെയുള്ള മുഴുവന്‍ ക്ഷാമബത്തയും അനുദിച്ചിട്ടുണ്ട്. 53% ആണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത. എന്നാല്‍ വിലക്കയറ്റവും പണപ്പെരുപ്പവും കൊണ്ട് പൊറുതി മുട്ടുന്ന കേരളത്തിലെ ജീവനക്കാര്‍ക്ക് ആകട്ടെ 21% ക്ഷാമബത്തയാണ് കുടിശിക ആയിട്ടുള്ളത്.
12% മാത്രമാണ് നിലവില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. അവസാനമായി അനുവദിച്ച രണ്ട് ഗഡു ക്ഷാമബത്തയുടെ 39 മാസം വീതമുള്ള കുടിശ്ശികയും ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ല. 2022 ജനുവരി മുതല്‍ ലഭിക്കാനുള്ള 7 ഗഡു ക്ഷാമബത്തയും കൂടി അനുവദിക്കാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണ് ജീവനക്കാര്‍.