NationalNews

ഭീകരതാവളങ്ങള്‍ നശിപ്പിച്ചത് ലോകം മുഴുവന്‍ കണ്ടു : ബ്രഹ്മോസിന്റെ ശക്തി പാകിസ്ഥാന്‍ അറിഞ്ഞു, രാജ്‌നാഥ് സിങ്

പാകിസ്ഥാന് 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാനുള്ള ഐഎംഎഫ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ നശിപ്പിച്ച ഭീകര ശൃംഖല പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണ്. ഐഎംഎഫ് നല്‍കുന്ന ധനസഹായം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനില്‍ ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭുജ് വ്യോമതാവളത്തില്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത വ്യോമസേന സൈനികരെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

ഇന്നത്തെ കാലത്ത്, പാകിസ്ഥാനുള്ള ഏതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും ഭീകരവാദ ഫണ്ടിങ്ങിലേക്ക് പോകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. പാകിസ്ഥാന് അനുവദിച്ച 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഐഎംഎഫ് പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. നശിപ്പിക്കപ്പെട്ട ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ വീണ്ടും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാകിസ്ഥാന്‍ തന്നെ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യയുടെ യുദ്ധനയവും സാങ്കേതികവിദ്യയും മാറി. ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ നമ്മുടെ സൈനിക ശക്തി തെളിയിച്ചു. പുതിയ ഇന്ത്യയുടെ സന്ദേശം മുഴുവന്‍ ലോകത്തെയും നിങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ പലതും നശിപ്പിക്കപ്പെട്ടു. പാകിസ്ഥാന്‍ മണ്ണിലെ ഒമ്പത് ഭീകര ഒളിത്താവളങ്ങള്‍ നമ്മുടെ സൈന്യം എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം മുഴുവന്‍ കണ്ടു. നമ്മുടെ വ്യോമസേനയ്ക്ക് പാകിസ്ഥാന്റെ എല്ലാ കോണുകളിലും എത്താന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ വ്യോമസേന അതിന്റെ വീര്യം, ധൈര്യം, മഹത്വം എന്നിവയിലൂടെ പുതിയതും ഉയര്‍ന്നതുമായ ഉയരങ്ങളിലെത്തിയിട്ടുണ്ട്. ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് നമ്മുടെ വ്യോമസേന ഫലപ്രദമായി നേതൃത്വം നല്‍കി. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം വഹിച്ച ഫലപ്രദമായ പങ്ക് ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വിലമതിക്കപ്പെട്ടു’- സൈനികരെ പ്രശംസിച്ച് രാജ്‌നാഥ് സിങ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button