InternationalNews

ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്ന് വിദേശകാര്യമന്ത്രാലയം

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. എംബസിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണ് എന്നും വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. 1500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യർത്ഥിച്ചു. ഇറാനിലെ ടെഹ്‌റാൻ, ഷിറാസ്, കോം നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button