
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹം മാറി യുകെയിലെ രണ്ട് കുടുംബങ്ങള്‍ക്ക് ലഭിച്ചെന്ന ആരോപണം തള്ളി ഇന്ത്യ. മൃതദേഹങ്ങള്‍ മാറിയാണ് ലഭിച്ചതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ മൃതദേഹങ്ങളും മരിച്ചവരുടെ അന്തസിനെ മാനിച്ചുകൊണ്ടാണ് കൈകാര്യം ചെയ്തതെന്നും വളരെ പ്രൊഫഷണലിസത്തോടെയാണ് കൈമാറിയതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ദാരുണമായ അപകടത്തെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ സ്ഥാപിത പ്രോട്ടോകോളുകളും സാങ്കേതിക ആവശ്യകതകളും അനുസരിച്ച് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയല്‍ നടത്തിയിരുന്നു. ബ്രിട്ടീഷ് പൗരന്‍മാരുള്‍പ്പെടെ 241 പേര്‍ കൊല്ലപ്പെട്ട എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ച് ഡെയ്‌ലി മെയിലില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പേര് വെളിപ്പെടുത്താത്ത രണ്ട് കുടുംബങ്ങളെ ഉദ്ധരിച്ചാണ് ബ്രിട്ടീഷ് പത്രം മൃതദേഹങ്ങള്‍ മാറിപ്പോയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാറിപ്പോയതില്‍ ഹൃദയവേദനയുണ്ടാക്കിയെന്നാണ് കുടുംബങ്ങളുടെ ആരോപണം.