
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് 2025 ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ അറിയിച്ചു.
ഏപ്രില്‍ 30 മുതല്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓപ്പറേറ്റര്‍മാര്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനമില്ല.
ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു.
അതേസമയം ഇന്ന് മുതല്‍ 25 വരെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസത്തിനായി നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ബാര്‍മര്‍ മുതല്‍ ജോധ്പൂര്‍ വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ വ്യോമസേന സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങുന്നത്. ഒരു പ്രത്യേക വ്യോമാതിര്‍ത്തിയില്‍ സിവിലിയന്‍ വ്യോമ ഗതാഗതം ഒഴിവാക്കേണ്ട സാഹചര്യമുള്ളപ്പോഴാണ് നോട്ടാം പുറപ്പെടുവിക്കുന്നത്. വാണിജ്യ വിമാനങ്ങളെ സൈനിക പ്രവര്‍ത്തന മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിലൂടെ സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം