KeralaNews

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് കീഴടങ്ങി

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതി നേരത്തെ സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്തിന്‍റെ കീഴടങ്ങല്‍. കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ സുകാന്തിനെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനാൽ കേസിൽ അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.

സ്നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്യുകയാണ് പ്രതി ചെയ്തിട്ടുള്ളതെന്നും ഒരേ സമയം നിരവധി സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.

കഴിഞ്ഞ മാർച്ച് 24-നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകൾ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button