
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായി പ്രത്യേക അന്വേഷണസംഘം ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പത്മകുമാറിന്റെ അറസ്റ്റോടെ സ്വര്‍ണക്കൊള്ള വിവാദം അവസാനിക്കുമോ എന്നുള്ളതാണ് ഏറ്റവും പ്രധാനം.
പത്മകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും ശേഖരിച്ചശേഷമാണ് പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു.
ആ ദൈവതുല്യന്‍ ആര് എന്നുള്ളതാണ് ഇനി ഏറ്റവും പ്രധാന ചോദ്യമായി ഉയരുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പത്മകുമാറിന്റെ അറസ്റ്റ് സിപിഐഎമ്മിനുള്ളില്‍ പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.



