KeralaNews

സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എല്ലാ ജില്ലകൾക്കും ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും ബാക്കി 11 ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ഒമ്പത് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ടുള്ളത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസർകോട് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 11.30 മുതൽ നാളെ ഉച്ചയ്ക്ക് 2.30 വരെ 2.8 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ പുലർച്ചെ 05.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കേണ്ടതാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നൽ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button