NationalNews

ശബരിമല ഹരിവരാസനം പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്. മന്ത്രി വി എൻ വാസവൻ ആണ് പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വെച്ച് നൽകും.

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നാദസ്വര വിദഗ്ദ്ധരിൽ ഒരാളായ തിരുവിഴ ജയശങ്കര്‍, അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ പുറത്തിറക്കിയ ആൽബങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തമായ അയ്യപ്പ കീർത്തനങ്ങളുടെയും, ശരണമന്ത്രങ്ങളുടെയും നാദസ്വരത്തിലുള്ള ആവിഷ്കാരം അദ്ദേഹം നൽകി. അയ്യപ്പ ഭക്തിഗാനങ്ങളിൽ, ക്ഷേത്രോത്സവത്തിന്റെയോ, ശബരിമല യാത്രയുടെയോ അന്തരീക്ഷം നൽകാൻ അദ്ദേഹത്തിന്റെ നാദസ്വര വാദനം വളരെയധികം സഹായിച്ചിട്ടുണ്ട്. ‘ഹരിവരാസനം’, ‘പമ്പാനദിയുടെ തീരം’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്ക് ഉപകരണ സംഗീതത്തിൽ ഒരു ദിവ്യമായ ഭാവം അദ്ദേഹം നല്‍കി.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്കടുത്ത് തിരുവിഴ ഗ്രാമത്തിലാണ് ജയശങ്കറിന്റെ ജനനം. കുട്ടിക്കാലം മുതല്‍ നാദസ്വരക്കച്ചേരികള്‍ കേട്ടാണ് വളര്‍ന്നത്. മുത്തച്ഛന് കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നാദസ്വരവിദ്വാനായി ജോലി ലഭിച്ചതോടെ കുടുംബം കോട്ടയത്തേക്ക് താമസംമാറി. ഇപ്പോൾ താമസം കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലാണ്. പിതാവ് നാദസ്വര വിദ്വാൻ തിരുവിഴ രാഘവപ്പണിക്കരുടെയും, മുത്തച്ഛനായ തിരുവിഴ ശിവശങ്കു പണിക്കരുടെയും കീഴിൽ ഗുരുകുല സമ്പ്രദായത്തിലാണ് നാദസ്വരം അഭ്യസിച്ചത്. പതിനാറാം വയസില്‍ കായംകുളത്തിനടുത്ത പത്തിയൂര്‍ ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.

പതിനെട്ടാം വയസ്സില്‍ ആകാശവാണിയുടെ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ സുഷിര വാദ്യത്തില്‍ ഒന്നാം സമ്മാനം നേടി തിരുവിഴ ജയശങ്കര്‍ റേഡിയോയില്‍ കച്ചേരികള്‍ അവതരിപ്പിച്ചുതുടങ്ങി. അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദില്‍ നിന്നായിരുന്നു ആ സമ്മാനം വാങ്ങിയത്. അന്ന് കോട്ടയം സി.എം.എസ് കോളേജില്‍ പഠിക്കുകയായിരുന്നു.

1960ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍നിന്ന് ഗാനഭൂഷണം ഡിപ്ലോമ പാസായി. അവിടെ യേശുദാസിന്റെ സീനിയറായിരുന്നു. 1962-ല്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണയും പാസായി. പിന്നീട് ശെമ്മങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായി. 1965-ല്‍ ആകാശവാണിയില്‍ വന്ന ഒഴിവില്‍ അനൗണ്‍സറായി നിയമനം ലഭിച്ചു. 1995 -ല്‍ സീനിയര്‍ അനൗണ്‍സറായി തിരുവിഴ ജയശങ്കര്‍ ആകാശവാണിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നാദസ്വരത്തില്‍ ടോപ്പ്‌ഗ്രേഡ് കലാകാരനായിരുന്നു.

1990 -ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു. തമിഴ് മന്‍ട്രത്തിന്റെ ഇശൈപേരറിഞ്ഞര്‍ പുരസ്‌കാരം, കേന്ദ്ര, കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂര്‍ പുരസ്‌കാരം, സംഗീത സമ്പൂര്‍ണ്ണ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 2021 -ല്‍ ചെമ്പൈ സ്മാരക പുരസ്‌കാരവും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button