KeralaNews

‘ബജറ്റിൽ കേരളത്തിന് അവഗണന’; കേന്ദ്ര നിലപാടുകൾക്കെതിരെ അതൃപ്തി പരസ്യമാക്കി ജി സുകുമാരൻ നായർ

സമദൂര നിലപാട് തുടരുമ്പോഴും കേന്ദ്രസർക്കാരിൻ്റെ പല നിലപാടിനോടുള്ള എതിർപ്പ് പരസ്യമാക്കി എൻ എസ് എസ്. ശബരിമല വിഷയത്തിന് പിന്നാലെ, ബജറ്റിൽ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചെന്നാണ് എൻ എസ് എസ് നിലപാട്. ശബരിമല വിഷയത്തിൽ ബിജെപിക്കും, കേന്ദ്ര സർക്കാരിനും, ആത്മാർത്ഥത ഉണ്ടായിരുന്നില്ലെന്ന് ജി സുകുമാരൻ നായർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന് അദ്ദേഹം തുറന്നടിച്ചത്. ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, ഒരു സംസ്ഥാനത്തിന് നേരെ മോശം കാഴ്ചപ്പാടോടെ വിധി എഴുതുന്നത് ശരിയല്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.
പത്തര വർഷം കേന്ദ്രം ഭരിച്ചിട്ടും ശബരിമല വികസനത്തിനായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. ശബരിമല വിഷയത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും ആത്മാർത്ഥത ഉണ്ടായിരുന്നില്ലെന്ന് തുറന്നടിച്ച സുകുമാരൻ നായർ പമ്പാ നദിയുടെ ശോചനീയമായ അവസ്ഥയെക്കുറിച്ചും വികസന വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിനെക്കുറിച്ചും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ പാർട്ടികളോട് സമദൂര നിലപാട് തുടരുമ്പോഴാണ് എൻ എസ് എസ് കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പ് പരസ്യമായി പ്രകടമാക്കുന്നത്. എൻ ഡി എയെയുടെ ഭാഗമായ തുഷാർ വെള്ളാപ്പള്ളിയെ എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ ചർച്ചയ്ക്കായി നിയോഗിച്ചതിനെ സുകുമാരൻ നായർ തള്ളി പറഞ്ഞിരുന്നു. എൻ എസ് എസിന്‍റെ ഈ നിലപാടിനെ രാഷ്ട്രീയ നിരീക്ഷകർ ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button